കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നുമാണ് പള്‍സര്‍ സുനിയുടെ ആവശ്യം.
തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് നേരത്തെ 25,000 രൂപ ഹൈക്കോടതി പള്‍സര്‍ സുനിക്ക് മേല്‍ പിഴ ചുമത്തിയിരുന്നു. തുടര്‍ച്ചയായി ഹൈക്കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ആളുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.
കേസിലെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിൽ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സബോര്‍ഡിനേറ്റ് ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ജനറലിനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. രജിസ്ട്രിയുടെ കൈവശം ലഭ്യമല്ലെങ്കില്‍ റിപ്പോര്‍ട്ട് സെഷന്‍സ് കോടതിയില്‍ നിന്ന് വിളിച്ചുവരുത്താനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറികാർഡ് കോടതിയിലിരിക്കേ അനധികൃതമായി പരിശോധിച്ചതിൽ നടന്ന അന്വേഷണത്തിന്റെ സാക്ഷിമൊഴി പകർപ്പ് നടിക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി.
തീർപ്പായ കേസിൽ പുതിയ ഉപഹർജി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിരീക്ഷണമുണ്ടെന്ന് ദിലീപ് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ നടി പ്രചരിപ്പിച്ചതായും ദിലീപ് വാദമുന്നയിച്ചു. അന്തസ് സംരക്ഷിക്കാനുള്ള അവകാശത്തെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നതെന്ന് നടി ചൂണ്ടിക്കാട്ടി. മൊഴിപ്പകർപ്പ് ആവശ്യപ്പെട്ട് താൻ നൽകിയ ഹർജിയെ സിംഗിൾ ബെഞ്ചിന് മുന്നിലും ദിലീപ് എതിർത്തിരുന്നു. മൊഴിപ്പകർപ്പ് നൽകാനാവില്ലെന്ന് പറയാനുള്ള അവകാശം പ്രതിക്കില്ല. കേസ് വൈകിപ്പിക്കാനുള്ള ശ്രമമാണിതെന്ന് നടിക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് അഗർവാൾ വാദിച്ചു.

 
                                            