നടൻ ബൈജുവിന്റെ കാറപകടവുമായി ബന്ധപ്പെട്ട് മകളുടെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടന്റെ മകൾ ഐശ്വര്യ സന്തോഷ് രംഗത്തെതി. അപകടമുണ്ടായ സമയത്ത് അച്ഛനൊപ്പമുണ്ടായിരുന്നതത് താനല്ലെന്നും അച്ഛന്റെ കസിന്റെ മകളായിരുന്നെന്നും ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണെന്നും ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാർത്തകളിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെന്നു എല്ലാവരും പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണെന്നും തെറ്റിദ്ധാരണ ഒഴിവാക്കാൻ ഇതൊരു സ്റ്റോറിയായി പോസ്റ്റ് ചെയ്യുന്നു എന്നായിരുന്നു ഐശ്വര്യ സന്തോഷിന്റെ വാക്കുകള്‍. കഴിഞ്ഞ ദിവസം അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ, സ്കൂട്ടറിലും വൈദ്യുത പോസ്റ്റില്‍ ഇടിക്കുന്നത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
അതേസമയം താരം മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വണ്ടിയാകുമ്പോൾ തട്ടും എന്നാണ് ബൈജു പറഞ്ഞത്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് ബൈജു സ്വകാര്യ ചാനൽ ജീവനക്കാർക്കെതിരേ തട്ടിക്കയറിയത്. ‘സംഭവം എന്താണ്? വണ്ടി ഒക്കെ ആകുമ്പം തട്ടും. കുഴപ്പം എന്താ? നിങ്ങക്ക് അതൊക്കെ വല്യ വാർത്തയാണോ? ഇതൊന്നും കണ്ട് ഞാൻ പേടിക്കില്ല. വേറെ ആളെ നോക്കണം എന്നായിരുന്നു ബൈജു സ്വകാര്യ ചാനൽ സംഘത്തിനുനേരെ കയർത്തത്.
അതെടൊപ്പം മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു. മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. സ്കൂട്ടർ യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
