കൊച്ചി: കലയെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമകാലിക കാലത്ത് എ രാമചന്ദ്രനെ പോലെയുള്ള ചിത്രകാരന്മാരുടെ സൃഷ്ടികള്‍ക്ക് പ്രസക്തി ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എറണാകുളം ലളിതകലാ അക്കാദമി കേന്ദ്രത്തില്‍ പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്റെ പേരിലുള്ള ധ്യാന ചിത്ര വിഷ്വല്‍ ലാബ് നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാബിന്റ വെബ് സൈറ്റും അദ്ദേഹം ഉത്ഘാടനം ചെയ്തു.
സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന ചിത്ര ശില്പ കലാ പാരമ്പര്യം ലാളിത്യത്തോടെ അവര്‍ക്കു നല്‍കാന്‍ കഴിയണമെന്നും എ രാമചന്ദ്രന്‍ മുന്നോട്ടുവച്ച മാനവികതയിലും പാരിസ്ഥിതിക സന്തുലിതാവസ്ഥയിലും ഊന്നിയ കലാദര്‍ശനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്‌ബോധിപ്പിച്ചു.
രാമചന്ദ്രന്റെ ചിത്രരചനാ മേഖലയിലെ പ്രവര്‍ത്തനങ്ങളും ധൈഷണികമായ സൗന്ദര്യവും വരുംതലമുറകള്‍ക്ക് ബോധ്യപ്പെടുത്താന്‍ ലളിതകലാ അക്കാദമിയുടെ പുതിയ സാംസ്‌കാരിക സംരംഭത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ അമൂല്യ ചിത്രങ്ങളും ഗ്രന്ഥങ്ങളും ശില്പങ്ങളും നാടിനു സംഭാവന ചെയ്ത കുടുംബാംഗങ്ങള്‍ക്കു മുഖ്യമന്ത്രി പ്രത്യേക നന്ദി രേഖപ്പെടുത്തി.

കേരളത്തില്‍ ജനിച്ചു ലോകമാകെ പ്രശസ്തനായ ചിത്രകാരനായിരുന്നു രാജാരവിവര്‍മ്മ. അദ്ദേഹത്തിന്റെ സ്ഥലത്തുനിന്നും ഏറെ അകലെയല്ലാത്ത ആറ്റിങ്ങലില്‍ ജനിച്ച് ലോക ചിത്ര കലാ രംഗത്തേക്ക് നടന്നുകയറിയ കലാകാരനാണ് രാമചന്ദ്രന്‍. കേരളത്തിനു പുറത്താണ് അദ്ദേഹം ചിത്രകല പഠിച്ചതെങ്കിലും താന്‍ വളര്‍ന്നു വന്ന ഗ്രാമീണ അന്തരീക്ഷത്തെ അദ്ദേഹം മറന്നില്ല. നിറങ്ങളില്‍ ഗ്രാമീണ ദൃശ്യങ്ങളും മനുഷ്യരെയും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനായി രാജസ്ഥാനിലുടെ നടത്തിയ യാത്ര വലിയ വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരെ കാന്‍വാസില്‍ ചിത്രീകരിക്കാന്‍ എല്ലാ കാലത്തും അദ്ദേഹം ശ്രദ്ധ കാണിച്ചു.
പ്രകൃതി ദൃശ്യങ്ങള്‍ ചിത്രങ്ങളിലെ സവിശേഷതയായിരുന്നു. താമര പൊയ്കയും പൂക്കളും എല്ലാം ആ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നു. മനുഷ്യനെയും പ്രകൃതിയേയും വരച്ചുകാട്ടിയ ‘ഡാന്‍സിംഗ് ഓണ്‍ ദ ഫുള്‍ മൂണ്‍ ലൈറ്റ്’ എന്ന ചിത്രം ഒരു ദൃശ്യവിസ്മയം തന്നെ തീര്‍ത്തു. നിലാവില്‍ നൃത്തം ചെയ്യുന്ന മനുഷ്യര്‍, ഓടക്കുഴല്‍ വായിക്കുന്ന സംഗീതജ്ഞന്‍, സസ്യങ്ങള്‍, പൂമ്പാറ്റകള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെല്ലാം ഈ ഒരൊറ്റ ചിത്രത്തില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചു. എന്താണ് അദ്ദേഹത്തിന്റെ ലോക ദര്‍ശനം എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രം.
പരിസ്ഥിതിയോട് ഇണങ്ങിയുള്ള മനുഷ്യജീവിതത്തിന്റെ ഭംഗി വരച്ചുകാട്ടിയ ആ ചിത്രം നമ്മോട് എന്നപോലെ വരും തലമുറകളോടും സംവദിക്കും. കുട്ടികളുടെ സാഹിത്യത്തിനു വേണ്ടി രാമചന്ദ്രന്‍ വരച്ച ചിത്രങ്ങള്‍ അവരുടെ മനസ്സറിയുന്ന വിധത്തിലുള്ളവയായിരുന്നു. കുട്ടികളുടെ പുസ്തകങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. വായിച്ചു സ്വപ്‌നം കാണാനുള്ള പുസ്തകങ്ങളാണു കുട്ടികള്‍ക്ക് നല്‍കേണ്ടതെന്ന നിലപാടുകാരനായിരുന്നു രാമചന്ദ്രന്‍ എന്നു മുഖ്യമന്ത്രി പറഞ്ഞു.
ചിത്രകല പോലെ തന്നെയായിരുന്നു അദ്ദേഹത്തിനു ശില്പകലയും. തന്റെ രാഷ്ട്രീയനിലപാടുകളുടെ ഉദാഹരണമായിരുന്നു പ്രശസ്തമായ ഗാന്ധി ശില്പം. ഗൂര്‍ണിക്കയിലുടെ ഫാസിസത്തിനെതിരായ രാഷ്ട്രീയ നിലപാടു വ്യക്തമാക്കിയ പാബ്ലോ പിക്കാസോയുടെ സമാനമായ കാഴ്ചപ്പാടുകള്‍ തന്നെയാണ് രാമചന്ദ്രനും കലാ സൃഷ്ടികളിലൂടെ പങ്കുവെച്ചത്.
അദ്ദേഹത്തെ പോലെ പകരം വെക്കാനാകാത്ത എത്രയോ ചിത്രകാരന്മാര്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. രാജാരവിവര്‍മ്മയുടെ കാര്യം സൂചിപ്പിച്ചതുപോലെ നന്ദലാല്‍ ബോസിനെയും സി കെ പത്മിനിയെയും കെ സി എസ് പണിക്കരെയും പോലെ എണ്ണിയാലൊടുങ്ങാത്ത ചിത്രകാരന്മാരുടെ നിരയുണ്ട്. എന്നാല്‍ അവരുടെ കലാസൃഷ്ടികളെ സംബന്ധിച്ച് സമൂഹത്തിന് എത്രമാത്രം അവബോധം ഉണ്ടായിരുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
വീടുകളിലെ സ്വീകരണമുറികളെ അലങ്കരിക്കുന്ന ചിത്രങ്ങളുടെ ഉപജ്ഞാതാവ് എന്നതിലപ്പുറം രാജാരവിവര്‍മ്മയെ എത്രകണ്ടു മലയാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര കലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കേ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. നമ്മുടെ സമൂഹത്തിലേക്ക് എത്താതെ വിസ്മൃതിയില്‍ ആണ്ടു കിടക്കുന്ന കലാകാരന്മാരെയും സ്യഷ്ടികളെയും വീണ്ടെടുക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. കുറച്ചു നാളുകള്‍ക്കു മുന്‍പ് രാജാരവിവര്‍മ ആര്‍ട്ട് ഗ്യാലറിക്ക് തുടക്കം കുറിച്ചു. രാജാരവിവര്‍മ്മ സഹോദരനായ രാജരാജവര്‍മ്മ, സഹോദരി മംഗള ബായി തമ്പുരാട്ടി, മറ്റു സമകാലിക ചിത്രകാരന്മാര്‍ എന്നിവരുടെ 135 ചിത്രരചനകള്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രാജാരവിവര്‍മ്മയുടെ പോലെ രാമചന്ദ്രന്‍ ചിത്രങ്ങളും പുറംനാടുകളില്‍ എല്ലാം വളരെ പ്രാധാന്യത്തോടെയാണു പ്രദര്‍ശിപ്പിക്കപ്പെടുന്നത്. അവയുടെ പ്രാധാന്യം കൊള്ളാന്‍ നമുക്കു കഴിയേണ്ടതുണ്ട്. രാമചന്ദ്രന്റെ ആഗ്രഹപ്രകാരം എം. എ ബേബി അറിയിച്ചതനുസരിച്ചാണു കുടുംബാംഗങ്ങളുടെ സമ്മതത്തോടെ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. 300 കോടിയില്‍പരം രൂപ വിലമതിക്കുന്ന ചിത്രങ്ങളും ശില്പങ്ങളുമാണു രാമചന്ദ്രന്റെതായി മക്കള്‍ കൈമാറാന്‍ തയാറായത്. കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരികകേന്ദ്രത്തില്‍ നല്ലരീതിയില്‍ ചിത്രങ്ങളും ശില്പങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനു സമ്മത പത്രം കൈമാറി കഴിഞ്ഞിട്ടുണ്ട്. പ്രദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരുന്നു. വ്യവസായ മന്ത്രി പി.രാജീവ്, ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, മേയര്‍ എം അനില്‍കുമാര്‍, എ രാമചന്ദ്രന്റ മക്കളായ സുജാത, രാഹുല്‍, ലളിത കലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീറോത്ത്, സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
