സംഗീതം നിറച്ച് മതമൈത്രി ഗായകന്‍ ബി.ചന്ദ്രബാബു

ഷോഹിമ ടി.കെ

സംഗീതത്തെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. വ്യത്യസ്ത ഭാഷകളിലും ഭാവങ്ങളിലും താളങ്ങളിലുമുള്ള സംഗീതങ്ങള്‍ ഇന്ന് നമുക്ക് മുന്നിലൂടെ നിറഞ്ഞൊഴുകുകയാണ്. കര്‍ണാടകസംഗീതത്തിലെ മുഖ്യ രാഗങ്ങളില്‍ ക്രിസ്തീയ കൃതികളും ഇസ്ലാം കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച്,പുതിയൊരു സംഗീത പദ്ധതിക്ക് തുടക്കം കുറിച്ച കര്‍ണാടക സംഗീതത്തിന്റെ ഇന്ത്യയിലെതന്നെ ആദ്യത്തെ മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംവിധായകനുമാണ് വാഴമുട്ടം ബി.ചന്ദ്രബാബു.

ജീവിതാനുഭവങ്ങളും ജീവിതപാതയില്‍ തൊട്ടറിഞ്ഞ മനുഷ്യരുമാണ് ബി ചന്ദ്രബാബുവിനെ മതമൈത്രി സംഗീതജ്ഞനാക്കി മാറ്റിയത്. സാധാരണയായി സംഗീതക്കച്ചേരികളില്‍ ഹൈന്ദവ ഈശ്വര സ്തുതി ആണ് ഉള്‍പ്പെടുത്താറ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള സംഗീത പാതയിലേക്ക് ചന്ദ്ര ബാബുവിനെ നയിച്ചതില്‍ ഒരു ഘടകം കുട്ടിക്കാലം മുതലുള്ള അനുഭവങ്ങള്‍ തന്നെയാണ്.

സ്വന്തം വീടിനു ചുറ്റും മത ഐക്യത്തിന്റെ അന്തരീക്ഷം നിലനിന്നിരുന്നതിനാല്‍ മതമൈത്രി സംഗീതജ്ഞനെന്ന പ്രശസ്തിക്ക് കാരണമായി എന്നു തന്നെ പറയാം. കുട്ടിക്കാലം മുതലേ കേട്ട് വളരുന്നത് ശ്രീനാരായണഗുരുവിന്റെ കൃതികളാണെന്നും തൊട്ടടുത്ത് താമസിക്കുന്നത് മുസ്ലിം കുടുംബം ആണെന്നും അമ്മയുടെ ഇളയ സഹോദരി ക്രിസ്ത്യന്‍ മതവിശ്വാസി ആയിരുന്നുവെന്നും ചന്ദ്രബാബു പറയുന്നുണ്ട്. എന്നാല്‍ സ്‌കൂള്‍ പഠനകാലത്ത് വിവിധ മതങ്ങളില്‍പെട്ട കുട്ടികളുമായി ഉണ്ടായ സൗഹൃദവും പില്‍ക്കാലത്ത് തിരുവനന്തപുരത്തെ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംഗീത അധ്യാപകനായി പ്രവര്‍ത്തിച്ച പ്പോഴും ആണ് വലിയ മാറ്റം ഉണ്ടായതെന്ന് ചന്ദ്രബാബു പറയുന്നു. ക്രിസ്തീയ കൃതികള്‍ ആലപിച്ചു തുടങ്ങിയത് സെന്റ് ജോസഫ് സ്‌കൂളിലുള്ള സമയത്താണ്. ഹൈന്ദവ കൃതികളില്‍ ഉള്ള സംഗീത ക്ലാസുകള്‍ അവിടുത്തെ പുരോഹിതന്മാരും അധ്യാപകരും കുട്ടികളും ആസ്വദിക്കുന്നത് കണ്ടപ്പോള്‍ ക്രിസ്തീയ കൃതികള്‍ ഉള്‍പ്പെടുത്തണം എന്ന ചിന്ത ഉണ്ടായെന്നും തങ്ങള്‍ ആരാധിക്കുന്ന ദൈവത്തെയും ക്രിസ്ത്യന്‍ സംഗീതക്കച്ചേരി ഇസ്ലാം കൃതികള്‍ക്ക് കൂടി അവതരിപ്പിക്കാന്‍ ചന്ദ്ര ബാബുവിനെ പ്രേരിപ്പിച്ചു. 2009 ഗാന്ധിജയന്തിദിനത്തില്‍ പിആര്‍ഡി വകുപ്പ് ആദ്യമായി മതമൈത്രി സംഗീതകച്ചേരി സംഘടിപ്പിച്ചു.

ഇന്ന് മതമൈത്രി കച്ചേരിക്കായി നൂറില്‍പരം കീര്‍ത്തനങ്ങളും പന്ത്രണ്ട് വര്‍ണ്ണങ്ങളും നാല് തില്ലാനകളും അഞ്ചു ഗീതങ്ങളും രണ്ട് സ്വര ജാതികളും ചന്ദ്രബാബു തന്നെ രചിച്ച് ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വലിയ നിലകളില്‍ എത്തിയിരിക്കുന്ന പലരും ചന്ദ്ര ബാബുവിന്റെ ശിഷ്യരായിരുന്നു. ഒരു സാധാരണ സംഗീത വിദ്യാര്‍ത്ഥിയായ ചന്ദ്ര ബാബുവിനെ ഉയരങ്ങളിലെത്താന്‍ സംഗീതജ്ഞനും ഗുരുവുമായ നെയ്യാറ്റിന്‍കര വാസുദേവന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഒരു ഗുരു, ശിഷ്യരെ എങ്ങനെ സ്‌നേഹിക്കണം എന്ന് താന്‍ മനസ്സിലാക്കിയത് വാസുദേവന്‍ സാറിലൂടെ ആണെന്ന് മതമൈത്രി സംഗീതജ്ഞന്‍ ചന്ദ്രബാബു പറയുന്നു. ചന്ദ്രബാബു ഗാനഭൂഷണവും ഗാന പ്രവീണയും നേടിയത് ശ്രീ സ്വാമി തിരുനാള്‍ സംഗീത കോളേജില്‍ നിന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *