കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം സ്വദേശിനിയായ ശ്രദ്ധയെയാണ്[21]എറണാകുളം പോണേക്കരയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കും.

കൊല്ലം സ്വദേശിയായ ശ്രദ്ധ പഠനാവശ്യത്തിനാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ ആറ് മാസമായി ശ്രദ്ധയും മൂന്ന് ട്രാന്‍സ് സുഹൃത്തുക്കളും പോണേക്കര പെരുമനത്താഴത്തെ വാടക വീട്ടിലാണ് താമസം. സുഹൃത്തുക്കള്‍ രാത്രി പുറത്ത് പോയപ്പോള്‍ സുഖമില്ലെന്ന് പറഞ്ഞ് ശ്രദ്ധ മുറിയില്‍ തന്നെ തുടര്‍ന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ശ്രദ്ധയെ കണ്ടത്. ശ്രദ്ധ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയ ആയിരുന്നില്ല. എന്നാല്‍, വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ശ്രദ്ധക്ക് ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

വീട്ടില്‍ പോകണമെന്നടക്കം പറഞ്ഞിരുന്നെന്നും, ഫോണ്‍ തല്ലിപ്പൊട്ടിച്ച നിലയിലാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. മൂന്നു വര്‍ഷത്തോളമായി ശ്രദ്ധ കൊച്ചിയിലെത്തിയിട്ട്. ഹോര്‍മോണ്‍ ട്രീറ്റ്മെന്റിന്റെ മരുന്നു കഴിക്കുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ട്രാന്‍സ് ആക്ടിവിസ്റ്റ് അനന്യ ഉള്‍പ്പടെ നാലമത്തെ ട്രാന്‍സ്ജന്‍ഡറാണ് ഈ വര്‍ഷത്തിനിടെ കൊച്ചിയില്‍ ആത്മഹത്യ ചെയ്യുന്നത്. അനന്യയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. രണ്ട് മാസം മുമ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *