ഉത്രാടത്തിന് എത്തും മാവേലിയും ഡ്യൂപ്പും

ഒരുകാലത്ത് മലയാളിയുടെ ഓണത്തിനൊപ്പം വിരുന്നെത്തിയിരുന്ന ചിരിസദ്യയായിരുന്നു ‘ദേ മാവേലി കൊമ്പത്തും’ ‘ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടവും’. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ഇവ നമ്മുടെ ഗൃഹാതുരമായ ഓര്‍മ്മയായി മാറി.

എന്നാല്‍ ഇന്നസെന്റിന്റെ ശബ്ദത്തിലെ മാവേലിയും ജഗതി ശ്രീകുമാറിന്റെ ശബ്ദത്തിലെ ഡ്യൂപ്പും മറ്റു കഥാപാത്രങ്ങളുമായി ചിരിയുടെ സദ്യ വിളമ്പാന്‍ സമകാലിക ആക്ഷേപ ഹാസ്യം ഉത്രാടം ദിനത്തില്‍ വൈകിട്ട് ആറു മണിക്ക് വീണ്ടും എത്തുകയാണ്. റെയിന്‍ബോ എഫ് എം കൊച്ചി 107.5 അവതാരകരായ കണ്ണനുണ്ണി കലാഭവനും , രാജന്‍ സോമസുന്ദരവുമാണ് ‘ഓണ്‍ലൈന്‍ ഓണവും വെര്‍ച്വല്‍ മാവേലിയും’ എന്ന ചിരിസദ്യയുടെ ആശയവും ശബ്ദവും ആകുന്നത്.

മഹാമാരിയുടെ കഴിഞ്ഞ വര്‍ഷം ഒഴിച്ചു നിര്‍ത്തിയാല്‍ തുടര്‍ച്ചയായ ഏഴു വര്‍ഷങ്ങളില്‍ എല്ലാ ഉത്രാടം ദിനത്തിലും മുടങ്ങാതെ പരിപാടി സ്രോതാക്കളില്‍ എതിക്കാനായെന്നും അതില്‍ സന്തോഷമുണ്ടെന്ന് കണ്ണനുണ്ണിയും രാജനും പറയുന്നു. ചിരിക്കട എന്ന പ്രതിവാര ഹാസ്യപരിപാടിയുടെ അവതാരകര്‍ കൂടിയാണ് ഇരുവരും.

കോവിഡ് കാലത്തെ ഓണവും ,ലോക്ക്ഡൗന്‍ ജീവിതം, ഓണ്‍ലൈന്‍ പഠനം,,ഒളിമ്പിക്സും, സിനിമയും, പെട്രോള്‍ വിലവര്‍ദ്ധനയും, ബിവറേജിലെ തിരക്കും ഒക്കെ പ്രമേയമാകുന്നു. ഒപ്പം പുതിയ മഹാമാരി കാലത്ത് മാവേലിയും ഡ്യൂപ്പും എത്തുന്നതും അവര്‍ക്ക് പറ്റുന്ന അമളികളും സമകാലിക ആക്ഷേപ ഹാസ്യത്തിലൂടെ ശ്രോതാക്കളില്‍ എത്തിക്കുകയാണ് രണ്ടു മണിക്കൂര്‍ പരിപാടിയിലൂടെ ഇരുവരും.

രാജന്‍ സോമസുന്ദരമാണ് പരിപാടിയില്‍ ഇന്നസെന്റിന്റെ മാവേലിയുടെയും, വിനയ് ഫോര്‍ട്ടിന്റെയും,കമ്മത്ത്,ആശാന്‍ ,സ്‌കൂള്‍ കുട്ടി എന്നീ കഥാപാത്രങ്ങളുടെയും ശബ്ദമാകുന്നത്. കണ്ണനുണ്ണി കലാഭവനാണ് ജഗതി ശ്രീകുമാറിന്റെ ഡ്യൂപ്പായും ,ജനാര്‍ദ്ദനന്‍, ഇക്ക,മദ്യപാനി,ആമിന താത്ത,അന്യസംസ്ഥാന തൊഴിലാളി , എന്നീ കഥാപാത്രങ്ങള്‍ക്ക് ശബ്ദമേകുന്നത്.

റെയിന്‍ബോ എഫ് എമ്മിന് വേണ്ടി മുന്‍പ് നാദിര്‍ഷയെയും, അബിയെയും ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ തങ്ങളുടെ ഓണ ഹാസ്യ പരിപാടി കേള്‍പ്പിക്കാന്‍ സാധിച്ചതും, ദേ മാവേലി കൊമ്പത്തിന്റെ ശില്പികളായ അവര്‍ നല്ല അഭിപ്രായം പറഞ്ഞതും ഏറെ അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നു ഇരുവരും. മുന്‍ വര്‍ഷങ്ങളില്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്താണ് പരിപാടി സ്രോതക്കളില്‍ എത്തിച്ചിരുന്നത് എങ്കില്‍ ഇത്തവണ ഉത്രാടത്തിനെത്തുന്ന ഓണ്‍ലൈന്‍ ഓണവും വെര്‍ച്വല്‍ മാവേലിയും എന്ന പരിപാടി ലൈവായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.

കഴിഞ്ഞ പത്തു വര്‍ഷമായി റെയിന്‍ബോ എഫ് എം അവതാരകരാണ് കണ്ണനുണ്ണിയും,രാജന്‍സോമസുന്ദരവും. മിമിക്രി കലാകാരന്മാര്‍ കൂടിയാണ് ഇരുവരും.അക്കാപ്പെല്ല രീതിയിലുള്ള(കണ്ഠനാളം കൊണ്ട് സംഗിതം ചെയ്ത) മലയാളത്തിലെ ആദ്യ ഭക്തിഗാനം ഇറക്കിയതും കണ്ണനുണ്ണി കലാഭവന്‍ ആണ്. ആലപ്പുഴ വളവനാട് സ്വദേശിയാണ് കണ്ണനുണ്ണി. എറണാകുളം കാലടി സ്വദേശിയാണ് രാജന്‍ സോമസുന്ദരം.

Leave a Reply

Your email address will not be published. Required fields are marked *