1500 പേര്‍ക്ക് തൊഴില്‍; 150 കോടിയുടെ അവിഗ്‌ന ലോജിസ്റ്റിക്‌സ് പാര്‍ക്ക് മന്ത്രി പി. രാജീവ് നാടിന് സമര്‍പ്പിച്ചു

കൊച്ചി: കേരളത്തിന്റെ ലോജിസ്റ്റിക്‌സ് രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി അവിഗ്‌ന ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് പാര്‍ക്ക് അങ്കമാലിയില്‍ പ്രവര്‍ത്തനം തുടങ്ങി. 150 കോടി രൂപ മുതല്‍മുടക്കി അങ്കമാലി പാറക്കടവ് പുളിയനത്ത് നിര്‍മ്മിച്ച പാര്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

?പുതിയ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ വരുമ്പോള്‍ കുടുംബശ്രീ പോലുള്ള പ്രാദേശിക കൂട്ടായ്മകള്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ പ്രദേശവാസികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നേടാന്‍ കഴിയും. എല്ലാ വീട്ടിലേക്കും ഒരു തൊഴില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വന്‍കിട വ്യവസായങ്ങള്‍ വരുമ്പോള്‍ അതിനുചുറ്റും ചെറിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ 50% വരെ സംരംഭങ്ങള്‍ക്കായി ഉപയോഗിക്കാം. ഒഴിഞ്ഞുകിടക്കുന്ന വീടാണെങ്കില്‍ പൂര്‍ണ്ണമായും വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കാന്‍ കഴിയും. മലിനീകരണ പ്രശ്‌നമില്ലാത്തതിനാല്‍ കേരളത്തിന് അനുയോജ്യമായ ബിസിനസ് മോഡലാണ് ലോജിസ്റ്റിക്‌സ് പാര്‍ക്കെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

?ചെന്നൈ ആസ്ഥാനമായുള്ള അവിഗ്‌ന ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ സംരംഭമാണിത്. 21.35 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് അവിഗ്‌ന ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എസ്. രാജശേഖരന്‍ പറഞ്ഞു. ആമസോണ്‍, ഡിപി വേള്‍ഡ്, ഫ്‌ലിപ്കാര്‍ട്ട്, റെക്കിറ്റ്, സോണി, ഫ്‌ലൈജാക്ക് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികള്‍ ഇതിനോടകം പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതി വഴി 1500 പേര്‍ക്ക് പ്രത്യക്ഷമായും 250ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചതായും എം.ഡി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ ബെന്നി ബെഹനാന്‍ എം.പി, റോജി എം. ജോണ്‍ എം.എല്‍.എ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവന്‍ എസ്. വി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സി ടോണി, വാര്‍ഡ് കൗണ്‍സിലര്‍ രാജമ്മ, അവിഗ്‌ന ഡയറക്ടര്‍മാരായ ആര്‍. നവീന്‍ മണിമാരന്‍, ബിനയ് ജാ, സി.ഒ.ഒ സുബോധ് മിശ്ര എന്നിവര്‍ പങ്കെടുത്തു.

ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള അവിഗ്‌ന ഗ്രൂപ്പിന് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകളുണ്ട്. 50 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ഗ്രൂപ്പിന് ടെക്‌സ്‌റ്റൈല്‍സ്, വിദ്യാഭ്യാസം, റിയല്‍എസ്‌റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *