‘തൊണ്ടിമുതൽ’ കേസും ചിത്രം ‘ആനാവതിൽമോതിര’വും പറയുന്നത് ഓരേ കഥയോ?

തൊണ്ടി മുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ മുൻ മന്ത്രി ആന്റണി രാജും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി വിധി വന്നിരിക്കുകയാണ്. 1994ൽ രജിസ്റ്റർ‌ ചെയ്ത കേസിലാണ് സുപ്രിംകോടതിയുടെ വിധി. കേസിൽ ആന്റണി രാജു, കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലർക്ക് എസ് ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. കുറ്റപത്രം സമർപ്പിച്ച് 18 വർഷത്തിന് ശേഷമാണ് സുപ്രിംകോടതിയുടെ വിധി എത്തിയിരിക്കുന്നത്. എന്നാൽ കേസിൽ നടന്ന സംഭവ വികാസങ്ങളൊക്കെ ഒരു മലയാള സിനിമയിലെ രം​ഗങ്ങളിൽ കാണാൻ കഴിയും.

ആനവാൽമോതിരം എന്ന ചിത്രത്തിലാണ് കേസിനടിസ്ഥാനമായ രം​ഗങ്ങൾ കാണാൻ കഴിയുക. 1991ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. എന്നാൽ ചിത്രത്തിന്റെ രം​ഗങ്ങൾ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണോ എന്നതിൽ വ്യക്തതയില്ല. യഥാർത്ഥ സംഭവം ഇങ്ങനെയാണ് 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്നുമായി ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലി പിടിയിലാകുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. ആന്റണി രാജു തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്നാണ് പ്രതിയുടെ വക്കാലത്തെടുത്തിരുന്നത്. എന്നാൽ കേസ് തോറ്റു. പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി ഉത്തരവിറക്കി.

തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തു. തുടർന്ന് നടന്ന കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാൻ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിമുതലായി ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്നതായിരുന്നു. കേസിൽ നിന്ന് മോചിതനായതോടെ പ്രതി ആൻഡ്രൂ രാജ്യം വിടുകയും ചെയ്തു. ഇതിന് സമാനമായ രം​ഗങ്ങളാണ് ആനവാൽമോതിരം എന്ന ചിത്രത്തിലും കാണാൻ കഴിയുക.

സിനിമയിൽ ഒരു വിദേശ പൗരനെ പൊലീസ് ഉദ്യോ​ഗസ്ഥരായ ശ്രീനിവാസനും സുരേഷ് ​ഗോപിയും ലഹരിമരുന്നുമായി പിടികൂടുന്നുണ്ട്. ഐറിഷ്-അമേരിക്കൻ നടൻ ഗാവിൻ പക്കാഡ് അവതരിപ്പിച്ച ആൽബർട്ടോ ഫെല്ലിനി എന്ന കഥാപാത്രമാണ് ഇവിടെ പ്രതി. സിനിമയിൽ കേസിൽ പ്രധാന തൊണ്ടിമുതലായി എത്തുന്നതും അടിവസ്ത്രമാണ്. ഇവിടെയും തൊണ്ടിമുതൽ മാറ്റിയാണ് പ്രതിയ്ക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കി നൽകുന്നത്.

സിനിമയിലെ കോടതി രം​ഗങ്ങളിൽ പ്രതിയായ ആൽബർട്ടോയ്ക്ക് ധരിക്കാൻ കഴിയാത്ത ഡ്രോയറാണ് പ്രതിഭാ​ഗം കോടതിയിൽ ഉയർത്തിക്കാട്ടുന്നത്. പ്രധാന തൊണ്ടിമുതലായ ഡ്രോയർ ആൽബർട്ടോയ്ക്ക് ചേരാതെ വരുന്നതോടെ പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു. ഇതിന് സമാനമാണ് യാഥാർത്ഥ തൊണ്ടിമുതൽ കേസും. അതേസമയം കോടതിയിൽ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *