നെഗറ്റീവ് കമന്റുകള്‍ക്കെതിരെ പി സരിന്റെ ഭാര്യ

നെഗറ്റീവ് കമന്റുകള്‍ക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ ഭാര്യയും ശിശുരോഗ വിദഗ്ധയുമായ ഡോ. സൗമ്യ സരിൻ. നവംബര്‍ 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തന്റെ ചിരി ഇല്ലാതാക്കുമെന്നാണ് കമന്റുകളെന്ന് സൗമ്യ പറഞ്ഞു. തനിക്ക് ചിരിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്നും അതിന് ഭര്‍ത്താവ് എന്തെങ്കിലും പദവിയിലെത്തണമെന്ന് നിര്‍ബന്ധമില്ലെന്നും സൗമ്യ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ വിജയിക്കുമെന്നും അവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും സൗമ്യ പറഞ്ഞു. ആളും തരവും നോക്കി കമന്റിടണം. തന്നെ കരയിപ്പിക്കുമെന്നത് വല്ലാത്ത ആത്മവിശ്വാസമാണെന്നും സൗമ്യ പരിഹസിച്ചു. ഈ ചിരിയുടെ താക്കോല്‍ എന്റെ കയ്യില്‍ ആണ്. അത് ഞാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല എന്നും സൗമ്യ വ്യക്തമാക്കി.

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജന്മദിനാശംസകൾ നേർന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ. അടുത്ത വർഷവും ഇനിയുള്ള വർഷങ്ങളിൽ അങ്ങോട്ടും ഈ ദിവസം രാഹുലിന് ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിക്കുമെന്ന് സരിൻ ആശംസിച്ചു. പിറന്നാൾ ദിനത്തിൽ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. വിവാഹ വീട്ടിൽ വെച്ച് പി സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നിരസിച്ചത് നേരത്തെ ചർച്ചയായിരുന്നു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ തുടരുന്നതിനിടെയാണ് കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പരസ്പരം കണ്ടത്. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും ഹസ്തദാനം നൽകാൻ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു. സരിൻ മിടുക്കനാണെന്നും അതുകൊണ്ടാണ് ഒറ്റപ്പാലത്തു നിർത്തി മത്സരിപ്പിച്ചതെന്നും കെ മുരളീധരൻ. സരിന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും മത്സരിപ്പിക്കുമായിരുന്നെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *