എഡിഎം നവീന്‍ ബാബുവിനെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍ കുടുക്കിയതാണെന്ന് സൂചന നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇക്കാര്യം പ്രശാന്തന്‍, സുബീഷ് എന്ന സംരംഭകനോട് സമ്മതിക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രശാന്തന്‍ സംരംഭകനോട് പറയുന്നുണ്ട്. സംഭാഷണം വാര്‍ത്തയായതിന് പിന്നാലെയാണ് പ്രശാന്തന്‍ സംരംഭകനെ വിളിച്ചത്. തന്റെ സംഭാഷണം എന്തിന് റെക്കോര്‍ഡ് ചെയ്തുവെന്ന് പ്രശാന്തന്‍ ചോദിക്കുന്നുണ്ട്.
ഇതിനിടെ എഡിഎം നവീന്‍ തന്നോട് പണം ചോദിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് സുബീഷ് പറയുന്നുണ്ട്. അതിന് മറുപടിയായി തന്നോടും പൈസ ചോദിച്ചിട്ടില്ലെന്ന് പ്രശാന്തന്‍ പറയുന്നു. നിങ്ങള്‍ കൈക്കൂലി കൊടുത്തിരുന്നെങ്കില്‍ ലൈസന്‍സിന് എഡിഎം ഒപ്പിട്ട് നല്‍കുമ്പോള്‍ നിങ്ങള്‍ തുള്ളിച്ചാടി പോകുമായിരുന്നില്ലെന്ന് സുബീഷ് പറയുന്നു. അതിന് മറുപടിയായി എഡിഎമ്മിന് പണം കൊടുത്തതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നാണ് പ്രശാന്തന്‍ പറയുന്നത്. അയാളെ പൂട്ടിക്കാനാണല്ലോ നിങ്ങളുടെ ഉദ്ദേശം എന്ന സുബീഷിന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു പ്രശാന്തന്റെ മറുപടി.
എഡിഎം ഓഫീസില്‍ എന്‍ഒസിക്കായി എത്തിയപ്പോഴായിരുന്നു പ്രശാന്തനും സുബീഷും പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ എന്‍ഒസി ലഭിക്കാത്തതിന്റെ ആശങ്കകളായിരുന്നു ഇരുവരും പങ്കുവെച്ചത്. ആ സംഭാഷണത്തില്‍ നവീന്‍ ബാബു കൈക്കൂലിക്കാരനാണെന്നോ പണം നല്‍കിയെന്നുള്ള വിവരമോ പ്രശാന്തന്‍ സംരംഭകനോട് പങ്കുവെച്ചിരുന്നില്ല. തനിക്ക് എന്‍ഒസി ലഭിക്കാത്തതിനുള്ള കാരണം പൊലീസാണെന്നും പൊലീസിന്റെ റിപ്പോര്‍ട്ട് തനിക്ക് എതിരാണെന്നുമായിരുന്നു പ്രശാന്തന്‍ പറഞ്ഞത്. ഇത് വാര്‍ത്തയായതോടെയാണ് പ്രശാന്തന്‍ സുബീഷിനെ വീണ്ടും ബന്ധപ്പെടുന്നത്.
അതേസമയം പി പി ദിവ്യയുടെ ഭര്‍ത്താവ്, പി ശശിയുടെ ബിനാമിയെന്ന് പി വി അന്‍വര്‍ എംഎല്‍എ. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വ്യക്തമായതെന്ന് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് വിവിധ ജില്ലകളില്‍ നിരവധി പെട്രോള്‍ പമ്പുകള്‍ ബിനാമികളുടെ പേരിലുണ്ട്. അതിലൊരു ബിനാമിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ്. എഡിഎം സത്യസന്ധനായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. അമിതമായ പി ശശിയുടെ ഇടപെടല്‍ അദ്ദേഹം പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നവീന്‍ ബാബു സ്ഥലംമാറ്റം ചോദിച്ചത്. മാറിപോകുന്ന ഘട്ടത്തിലാണ് എഡിഎമ്മിന് പണികൊടുക്കണമെന്ന് പി ശശി ആലോചിക്കുന്നത്. കൈക്കൂലിക്കാരനെന്ന് വരുത്തി തീര്‍ക്കാനായാണ് ജില്ലാ സെക്രട്ടറിയെ ഉപയോഗിച്ചത്. എന്നാണ് പി വി അൻവർ പറയുന്നത്.
