ബലാത്സംഗ കേസില്‍ നടൻ ഇടവേള ബാബു അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും. ഇടവേള ബാബുവിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തും.
താരസംഘടനയായ അമ്മയുടെ മെമ്പര്‍ഷിപ്പിന് വേണ്ടി ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ കലൂരിലെ ഫ്ളാറ്റിലേക്ക് വരാനാണ് പറഞ്ഞതെന്നും ശേഷം ഫളാറ്റിലെത്തിയ തന്നെ നടന് ശാരീരികമായി ഉപദ്രവിച്ചെന്നുമായിരുന്നു നടിയുടെ ആരോപണം. ‘മെമ്പര്‍ഷിപ്പിനുള്ള ഫോമില്‍ ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിച്ചത്. ഒപ്പിടാന്‍ വേണ്ടി കുനിഞ്ഞപ്പോള്‍ അദ്ദേഹം കഴുത്തില്‍ വന്ന് ഉമ്മ വെച്ചു. താല്പര്യമില്ലെന്ന് പറഞ്ഞ് തട്ടിയപ്പോള്‍ ഒന്ന് സഹകരിച്ചൂടേ, ഞാന്‍ കല്യാണം പോലും കഴിക്കാതെ നില്‍ക്കുകയല്ലേന്ന് പറഞ്ഞു. എന്റെ കൂടെ നിന്നാല്‍ ഒരുപാട് നേട്ടമുണ്ടാവും. സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് കൊണ്ട് പോകാം, ഒത്തിരി പണം ഉണ്ടാക്കാന്‍ സാധിക്കുമെന്നും ഒക്കെയാണ് ഇടവേള ബാബു പറഞ്ഞത്. എന്നാല്‍ ഞാനവിടെ നിന്നും ഓടി പോവുകയാണ് ചെയ്തതെന്ന്’ നടി പരസ്യമായി വെളിപ്പെടുത്തിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാളത്തിലെ പ്രമുഖ നടന്മാര്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്. നടന്മാരായ മുകേഷ്, ഇടവേള ബാബു, സിദ്ദിഖ്, ജയസൂര്യ എന്നിങ്ങനെ പല താരങ്ങള്‍ക്കെതിരെയും ലൈംഗികാരോപണമായിരുന്നു നടിമാര്‍ ഉന്നയിച്ചത്. ഇന്നലെ നടനും എംഎല്‍എ യുമായ മുകേഷിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു. നടൻ സിദ്ദിഖ് ഇപ്പോൾ ഒളിവിലാണ്.

 
                                            