ബൈക്കോടിച്ച് ഇന്റർവ്യൂ എടുത്തു, ഹെൽമെറ്റ് ധരിച്ചില്ല; നടൻ പ്രശന്തിനും അവതാരകക്കും 2000 രൂപ പിഴ

തൊണ്ണൂറുകളിൽ ഏറ്റവും ആരാധകർ ഉളള താരമായിരുന്നു പ്രശാന്ത്. ഏറെ നാളുകൾ വൈകി തിയേറ്ററുകളിലെത്തുന്ന പ്രശാന്ത് ചിത്രമാണ് അന്ധ​ഗൻ. അന്ധ​ഗന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിന്റെ പേരിൽ ഒരു പ്രശ്നത്തിലകപ്പെട്ടു നടൻ പ്രശാന്ത്. ബൈക്കോടിച്ചുകൊണ്ട് ഇന്റർവ്യൂവാണ് താരത്തെ വെട്ടിലാക്കിയത്. ഒടുവിൽ ഫൈനടച്ച് മാപ്പുപറഞ്ഞാണ് പ്രശാന്ത് തടിയൂരിയത്.

അന്ധ​ഗന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നൽകിയ അഭിമുഖമാണ് പ്രശാന്തിന് വിനയായത്. അഭിമുഖത്തിൽ പ്രശാന്ത് ബൈക്കോടിക്കുകയാണ്. അതും ഹെൽമറ്റ് ധരിക്കാതെ. അവതാരക പിന്നിൽ ഇരിക്കുകയും ചെയ്യുന്നു. ആദ്യമായി ബൈക്ക് ഓടിക്കാൻ പഠിച്ചതിനേക്കുറിച്ചും മറ്റുമാണ് അഭിമുഖത്തിൽ താരം പറയുന്നത്. ഈ അഭിമുഖം വൈറലായതിനേത്തുടർന്ന് ചില എക്സ് ഉപഭോക്താക്കൾ ചെന്നൈ ട്രാഫിക് പോലീസിനെ സോഷ്യൽ മീഡിയയിൽ ടാ​ഗ് ചെയ്യുകയായി.

ഈ വിഷയം ​ഗൗരവമായെടുത്ത ചെന്നൈ ട്രാഫിക് പോലീസ് പ്രശാന്തിനും അവതാരകയ്ക്കുമെതിരെ ഹെൽമറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴ ഈടാക്കുകയാണ് ചെയ്തത്. ഈ വിഷയത്തിൽ പിന്നീട് വിശദീകരണവുമായി പ്രശാന്ത് തന്നെയെത്തി. “ഞങ്ങൾ ബൈക്കിൽ ഒരു അഭിമുഖം ചെയ്തിരുന്നു. ഞങ്ങൾ ഹെൽമറ്റ് ധരിക്കാതിരുന്നത് നിങ്ങൾ കണ്ടിരിക്കും. അത് ആ ഷോയ്ക്കുവേണ്ടി മാത്രമായിരുന്നു. പക്ഷേ നിങ്ങൾ വാഹനമോടുക്കുമ്പോൾ തീർച്ചയായും ഹെൽമറ്റ് ധരിക്കണം. ഞാനെപ്പോഴും വാദിക്കുന്ന കാര്യമാണിത്. അഭിമുഖത്തിനിടെ ഹെൽമറ്റ് ധരിച്ചാൽ ഞങ്ങൾ പറയുന്നത് കേൾക്കാൻ കഴിയില്ല എന്നതിനാലാണ് അതൊഴിവാക്കിയത്. സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. ഹെൽമറ്റ് ധരിക്കൂ, സുരക്ഷിതരാവൂ.” പ്രശാന്ത് പറഞ്ഞു.

ഈ മാസം 9-നാണ് അന്ധ​ഗൻ റിലീസ് ചെയ്യുന്നത്. ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രം അന്ധാധുൻ-ന്റെ തമിഴ് റീമേക്ക് ആണ് ചിത്രം. ഓ​ഗസ്റ്റ് 15-ന്
റീലിസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് നേരത്തെയാക്കുകയായിരുന്നു. പ്രിയ ആനന്ദ്, സിമ്രാൻ, സമുദ്രക്കനി എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. വെങ്കട്ട് പ്രഭു സംവിധാനംചെയ്ത് വിജയ് നായകനാവുന്ന ദി ​ഗോട്ട് ആണ് പ്രശാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *