മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായതോടെ ലോകത്തെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതം. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. ഇന്ത്യ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ നിരവധി ഐടി സംവിധാനങ്ങളെ വെള്ളിയാഴ്ചയുണ്ടായ ഈ സൈബർ തകരാർ ബാധിച്ചു. ഇതോടെ നിരവധി സൈബർ സേവനങ്ങളും ഏറെ നേരം നിശ്ചലമായി.
ബാങ്കുകൾ, വിമാനക്കമ്പനികൾ, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തര സേവനങ്ങൾ ഉൾപ്പടെ സൈബറിടത്തെ തകരാർ മൂലം തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് വിൻഡോസിന് സുരക്ഷാ പരിഹാരങ്ങൾ നൽകുന്നതിനാണ് സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്ക് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിൽ, വിമാനത്താവളങ്ങളിൽ ഉടനീളം പ്രവർത്തനങ്ങൾ താളം തെറ്റി. ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടു.
