കെജരിവാളിന്റെ അവസ്ഥ തന്നെ പിണറായിക്കും; കെ. സുരേന്ദ്രൻ

മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. കേരളത്തിൽ നടന്ന ബാർക്കോഴ ഡൽഹിയിൽ നടന്ന ബാർക്കോഴ പോലെ ആകും എന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ വാ​ദം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജരിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലത്. സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്റെ ശബ്ദരേഖ ഈ സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്.

ഇപ്പോൾ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്. ഇത് കേരളത്തെ മദ്യത്തിൽ തന്നെ മുക്കികൊല്ലും. യു.ഡി.എഫ് സർക്കാരിന്റേതിന് സമാനമായ രീതിയിലാണ് എൽ.ഡി.എഫും മുന്നോട്ട് പോകുന്നത്. ഡൽഹി ബാർക്കോഴ കേസിൽ ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പിന്തുണച്ച് കോൺഗ്രസും സി.പി.എമ്മും രംഗത്ത് വന്നത് സ്വന്തം താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യജീവിതം തകർക്കുന്ന ബാർക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ മദ്യനയത്തിലെ ഇളവിന് പകരമായി ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തളളി അസോസിയേഷൻ പ്രസിഡൻ്റ് സുനിൽ കുമാർ. പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുളള ലോൺ തുകയാണെന്നാണ് പ്രസിഡൻ്റിന്റെ പ്രതികരണം. സംഘടനയെ പിളർത്താൻ ശ്രമം നടത്തിയതിന് അനിമോനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം സംഘടന തീരുമാനമെടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *