മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് പരാതിയിലെ ആരോപണം. സംസ്ഥാന സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീട് കയറി വിതരണം ചെയ്യുന്നത്. 16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്യുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് പ്രസംഗം പ്രിൻറ് ചെയ്യുന്നതിന് വേണ്ടി സർക്കാർ ചിലവഴിച്ചത്. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.
അതെസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും പിണറായി പറഞ്ഞു.

 
                                            