നാളുകള്‍ നീളുന്ന കേസുകളിലും വ്യവഹാരങ്ങളിലും കുരുങ്ങി നീതി ലഭിക്കാൻ വൈകുന്നവര്‍ അനുഗ്രഹം തേടിയെത്തുകയാണ് ഈ ജഡ്ജി അമ്മാവന്റെ മുന്നില്‍. കേട്ടാല്‍ തമാശയായി തോന്നിയേക്കാം. ഇക്കാലത്തും ഇത്തരം വിശ്വാസങ്ങളോ എന്ന് അമ്പരന്നേക്കാം. എങ്കിലും സംഗതി പകല്‍ പോലെ സത്യമാണ്. നിയമമറിയാവുന്ന ജഡ്ജി അമ്മാവന്റെ ഒരു അമ്പലമുണ്ട് കേരളക്കരയിൽ.
കോട്ടയം ജില്ലയിലെ പൊൻകുന്നത്തുനിന്ന് ചിറക്കര മണിമല റൂട്ടിൽ 8 കിലോമീറ്റർ ഓളം സഞ്ചരിച്ചാൽ 800 വർഷങ്ങളോളം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ചെറുവള്ളി ദേവി ക്ഷേത്രത്തിൽ എത്തിച്ചേരാം.ഈ ക്ഷേത്രത്തിലെ ഉപദേവതയാണ് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നീതിമാനായ ഈ ജഡ്ജി അമ്മാവന്. തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന ഗോവിന്ദ പിള്ളയാണ് ഇവിടത്ത ജഡ്ജി അമ്മാവൻ പ്രതിഷ്ഠയായത്.
സത്യസന്ധനും നീതിമാനുമായി പേരുകേട്ട ഗോവിന്ദപ്പിള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മ്മരാജ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയുടെ കോടതിയിലെ ജഡ്ജിയായിരുന്നു. ഒരിക്കല്‍ സ്വന്തം അനന്തരവനെതിരായ ഒരു കേസില്‍ തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹം വധശിക്ഷ വിധിച്ചു. പിന്നീട് സത്യം മനസിലായപ്പോള്‍ പശ്ചാത്താപാഗ്നിയില്‍ വെന്തുരുകിയ ജഡ്ജി സ്വയം തൂക്കുമരം ഏറ്റുവാങ്ങി യമലോകം പ്രപിച്ചുവെന്ന് ഐതിഹ്യം.
അങ്ങനെ പിള്ളയുടെ ആത്മാവ് അലഞ്ഞു നടന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചുവത്രെ. അങ്ങനെയാണ് ജഡ്ജി ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായത്. പിന്നീട് കോടതിവിധികളിലും വ്യവഹാരങ്ങളിലും പെടുന്നവര്‍ ഇവിടെയെത്തി ജഡ്ജിയമ്മാവനോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി. അങ്ങനെയാണ് നിയമം അറിയുന്ന ജഡ്ജിയമ്മാവന്റെ പേരില്‍ പ്രാര്‍ഥനകളും പൂജകളും തുടങ്ങിയതത്രെ. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും അനന്തരാവകാശികളുടെയും ആഗ്രഹ പ്രകാരമാണ് പ്രതിഷ്ഠയ്ക്കു പകരം 1978 ല്‍ ഇപ്പോള്‍ കാണുന്ന ശ്രീകോവില്‍ പണിയുന്നത്.
രാത്രി 8.00 മുതല്‍ 8.45 വരെയാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ഈ സമയത്താണ് ജഡ്ജിയമ്മാവനോട് പ്രാര്‍ഥിക്കുവാനായി വിശ്വാസികള്‍ എത്തുന്നത്. കരിക്കഭിഷേകവും അടനിവേദ്യവും ആണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. പൂജയ്ക്കു ശേഷം അട വിശ്വാസികള്‍ക്ക് പ്രസാദമായി നല്‍കും. ഇവിടുത്തെ പൂജാ വസ്തുക്കള്‍ നാളികേരവും പൂവും പഴവുമാണ്.
അതേ സമയം എന്ത് കുറ്റകൃത്യവും ചെയ്തവര്‍ക്ക് വന്ന് പ്രാര്‍ത്ഥിച്ച് പരിഹാരം തേടാവുന്ന തരത്തില്‍ ഈ വിശ്വാസത്തെ വ്യാഖ്യാനിയ്ക്കരുത്.സ്വന്തം ഭാഗത്ത് ന്യായവും സത്യവും ഉണ്ടെന്ന് ഉറപ്പുള്ളവര്‍ക്ക് ആ വിശ്വാസത്തിന് സ്വയം നല്കാവുന്ന ഒരു ആത്മീയമായ ഊന്നലാണ് ഈ ക്ഷേത്രദര്‍ശനവും വഴിപാടുകളും.ആ രീതിയില്‍ വേണം ഈ ഐതിഹ്യത്തെയും കാണേണ്ടത്.
