ചന്ദ്രയാൻ-3 ന്റെ അഭിമാന നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഐ.എസ്.ആര്‍.ഓ ചീഫ് എസ്.സോമനാഥിന് സോണിയ അഭിനന്ദന കത്ത് അയച്ചു.
“ഐ.എസ്.ആര്‍.ഒയുടെ മികവുറ്റ നേട്ടത്തില്‍ ഞാൻ അത്രയധികം സന്തോഷവതിയാണ്. ഇന്ത്യയുടെ അഭിമാന മുഹൂര്‍ത്തമാണ് ഇത്. പ്രത്യേകിച്ചും പുതുതലമുറക്ക്. ദശവര്‍ഷങ്ങള്‍കൊണ്ട് ഐ.എസ്.ആര്‍.ഒ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാണ്. ഐക്യത്തോടെയുള്ള പ്രവര്‍ത്തന ശൈലിയും മനോഭാവവുമാണ് ലക്ഷ്യങ്ങള്‍ സാധൂകരിക്കാൻ വഴിയാകുന്നത്. എല്ലാ ഐ.എസ്.ആര്‍.ഒ പ്രവര്‍ത്തകര്‍ക്കും എന്റെ എല്ലാവിധ ആശംസകളും ഈ അവസരത്തില്‍ ഞാൻ അറിയിക്കുന്നു” -സോണിയ പറഞ്ഞു.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ-3 പേടകം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനില്‍ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയില്‍ നിന്നും എല്‍.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനില്‍ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
