വയനാട് : വയനാട് ബിജെപിയില്‍ വീണ്ടും കൂട്ടരാജിക്ക് നീക്കം. രണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരും ഒരു മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റും ഒരു ജനറല്‍ സെക്രട്ടറിയുമാണ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്.
നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിനെതിരെ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നത്. സുല്‍ത്താന്‍ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എന്‍ സജി കുമാര്‍, നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ പ്രേമന്, അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ടി അനില്‍, ചീരാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യന് എന്നിവരാണ് രാജിക്കൊരുങ്ങുന്നത്.
പാര്‍ട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എന്‍ സജികുമാര്‍ പറഞ്ഞു. ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ സംഘടനാ സെക്രട്ടറിയടക്കമുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും അവര്‍ കേള്‍ക്കാന്‍ തയാറായില്ലെന്നും സജികുമാര്‍ പറഞ്ഞു. അനുനയ നീക്കങ്ങള്‍ക്കിടെ ഇന്ന് രാജിക്കത്ത് നല്‍കിയേക്കുമെന്നാണ് വിവരം.
