മൂന്നിന് മുൻപേ ചർച്ചയായി അടുത്ത തെരഞ്ഞെടുപ്പ്; പുതുപ്പള്ളിയിൽ ഇനി ആര്?

ഒരു ജനതയെ മൊത്തം തന്നിലേക്കടുപ്പിച്ച ഉമ്മന്‍ ചാണ്ടി എന്ന നേതാവ് തിരക്കുകളില്ലാത്ത ലോകത്തേക്ക് മടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭൗദിക ശരീരവും വഹിച്ചുള്ള വിലാപയാത്രയും, അന്ത്യശുശ്രൂഷയും കഴിഞ്ഞ് കബറിടത്തിലോട്ട് എടുത്ത് വച്ചതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയായി തുടങ്ങി. ഭരണപക്ഷത്തെ സംബന്ധിച്ചു നാഥനില്ലാത്ത മണ്ഡലം കീശയിലാക്കുക എന്ന ഉദ്ദേശമാണ് ഉള്ളതെങ്കിലും, കോണ്‍ഗ്രസിലും ഐക്യ ജനാതിപത്യ മുന്നണിയിലും മണ്ഡലം ചുളുവിന് കൈക്കലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നു പറയുന്നതാവും ശരി.

അയോഗ്യത, മരണം പോലുള്ള കാരണങ്ങള്‍ കൊണ്ട് ഒരു മണ്ഡലത്തില്‍ ജനപ്രതിനിധിയുടെ അഭാവമുണ്ടായാല്‍ ആറ് മാസത്തിനകം മറ്റൊരു ഉപതെരഞ്ഞെടുപ്പിന് ഉണ്ടാവാറാണ് പതിവ്. ഈയൊരു സാഹചര്യം തന്നെയാണ് നിലവില്‍ പുതുപ്പള്ളിയിലും സംജാതമായിരിക്കുന്നത്. എന്നാല്‍ ആറ് മാസം പോയിട്ട്, ആറ് ദിവസത്തെ സാവകാശം പോലും കക്ഷി രാഷ്ട്രീയ നേതാക്കളില്‍ നിന്നുണ്ടായില്ല എന്നതാണ് ശരി. ഒരുപക്ഷെ ഇത് മാധ്യമ പ്രവര്‍ത്തകരുടെ ആസ്ഥാനത്തുള്ള ചോദ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന ചര്‍ച്ചകളുമാവാം. എന്തായാലും നിലവിലെ ചൂടുള്ള ചര്‍ച്ചകളില്‍ ഒന്ന് പുതുപ്പള്ളിയെ ആര് പ്രതിനിധീകരിക്കും എന്നത് തന്നെയാണ്.

കോണ്‍ഗ്രസിനെ സംബന്ധിച്ചു ഉമ്മന്‍ ചാണ്ടിയുടെ പുത്രന്‍ ചാണ്ടി ഉമ്മന് തന്നെയാണ് കൂടുതല്‍ സാധ്യതകളുള്ളത്. മക്കള്‍ രാഷ്ട്രീയം എന്ന വിമര്‍ശനങ്ങളെക്കാള്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവിന് നല്‍കാവുന്ന ഏറ്റവും വലിയ അംഗീകാരമായും കോണ്‍ഗ്രസ് ഇതിനെ കാണുന്നു എന്നതാണ് ശരി. മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടെ ജനസമ്മതി മകനിലൂടെ തുടര്‍ന്നാല്‍ പുതുപ്പള്ളി ഉറച്ച കോട്ടയാക്കി നിലനിര്‍ത്താം എന്നതും കോണ്‍ഗ്രസിന് പിന്നീടും ഗുണകരമാണ്. എല്ലാത്തിലുമുപരി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗവും, ഉത്തമ പുത്രനെന്ന അംഗീകാരവും ചാണ്ടി ഉമ്മനെ അനായാസം ജയിക്കാന്‍ സഹായകമാവുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഒരു ഗ്രൂപ്പിനെ മുഴുവന്‍ നിയന്ത്രിച്ചു വന്ന ഒരു വലിയ നേതാവിന്റെ തത്കാലത്തേക്കുള്ള വിടവ് മുതലെടുത്തു പുതുപ്പള്ളി സീറ്റില്‍ കണ്ണുവെച്ചിരിക്കുന്ന മറ്റു ഘടക കക്ഷികളും, അവര്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള പരിചയ സമ്പന്നനല്ലാത്ത ഒരാള്‍ക്ക് സീറ്റ് വിട്ടുകൊടുക്കരുത് എന്ന വാദങ്ങളും ചാണ്ടി ഉമ്മന് അല്‍പ്പമെങ്കിലും വഴിമുടക്കും എന്നതും ശരിയാണ്.

ഇനി ഇടതുപക്ഷത്തേക്ക് കടന്നാല്‍ മുമ്പ് ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസിന് തന്നെയാണ് സാധ്യതകള്‍ അത്രയും. തുടര്‍ച്ചയായ രണ്ടുതവണ പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റാന്‍ പുതുപ്പള്ളി ജയിക്കിന് ഒരു അവസരം നല്‍കുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. മാത്രമല്ല ആദ്യ തിരഞ്ഞെടുപ്പിനെ പരിഗണിച്ചാല്‍ രണ്ടാം മത്സരത്തില്‍ ജെയ്ക് വോട്ട് ശതമാനം വര്‍ധിപ്പിച്ചത് സിപിഎം ശുഭസൂചനയായും കാണുന്നുണ്ട്. അങ്ങനെയെങ്കില്‍ പുതുപ്പള്ളി സാക്ഷിയാവുക ഒരു യുവ തെരഞ്ഞെടുപ്പിനാവും. എന്തുതന്നെയായാലും ഉപതെരഞ്ഞെടുപ്പിന്ന് സര്‍ക്കാര്‍ ഇലക്ഷന് കമ്മിഷനോട് ആവശ്യപ്പെടുന്നതിന്റെ വക്കിലാണ് എന്നുള്ള വാര്‍ത്തകള്‍ എത്തുമ്പോള്‍, പുതുപ്പള്ളി തിരഞ്ഞെടുപ്പ് വല്ലാതെ വൈകില്ല എന്ന് ഉറപ്പിക്കാം.

അങ്ങനെയെങ്കില്‍ അച്ഛന്റെ അനുഗ്രഹവും ജനങ്ങളുടെ പിന്തുണയും ഒരുമിച്ച് കൂടി ചാണ്ടി ഉമ്മന്‍ വിജയിച്ചു കയറിയാല്‍, അത് സര്‍ക്കാറിനെ സംബന്ധിച്ചു ഭരണ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനം എന്ന തരത്തില്‍ വിമര്‍ശനത്തിന്റെ വേലിയേറ്റം തന്നെ തീര്‍ക്കും. മുന്നണിക്ക് അകത്തെ ഭിന്നിപ്പും പാലം വലിയുമെല്ലാമായി ചാണ്ടി ഉമ്മനോ, യുഡിഎഫ് സ്ഥാനാര്‍ത്ഥിയോ തോറ്റുപോയാല്‍ അരനൂറ്റാണ്ട് മുമ്പ് കൈവിട്ട് പോയ മണ്ഡലം സിപിഎമിന്റെ കൈകളില്‍ വീണ്ടും സുരക്ഷിതമായി വന്നു ചേരും.

Leave a Reply

Your email address will not be published. Required fields are marked *