പരീക്ഷ പൂര്‍ത്തിയാക്കാതെ അഭിഷേക് പുറത്ത് കാത്തുനിന്നു; നിതിനയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി, വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്.

ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
പരീക്ഷ ഇടയ്ക്കു വച്ച് നിര്‍ത്തി പുറത്ത് ഇറങ്ങിയ അഭിഷേക് നിതിനയെ കാത്തുനിന്ന് ആക്രമിച്ചു. ബലമായി താഴേയ്ക്ക് കിടത്തിയ ശേഷം കഴുത്ത് ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു കൊലപ്പെടുത്തുക ആയിരുന്നു.പൊലീസ് എത്തുന്നതു വരെ മൃതദേഹത്തിന് സമീപം അഭിഷേക് ശാന്തനായി നിന്നു. കൊലയ്ക്ക് മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി സാക്ഷികള്‍ പറയുന്നു.

മൂന്നാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളായ ഇരുവരും പരീക്ഷയെഴുതാന്‍ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടില്‍ നില്‍ക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികള്‍ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാര്‍ന്നുപോകുന്ന നിലയില്‍ നിതിനയെ കണ്ടത്.

ആളുകള്‍ ഓടിയെത്തും മുന്‍പ് കൃത്യം നടന്നു . പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ അടുത്ത് വരുമ്പോള്‍ കുട്ടിയ്ക്ക് അനക്കം ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *