തിരുവനന്തപുരം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനെഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ വളരെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്.
ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കുന്നതില്‍ ഫലപ്രദമാണ്. ചെറിയ കുഞ്ഞുങ്ങളില്‍ ഈ രോഗം മൂലമുണ്ടാകുന്ന രോഗതീവ്രത കൂടുതലാണ്. കുഞ്ഞുങ്ങളുടെ മരണത്തിന് പോലും ഇത് കാരണമാക്കും. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ഈ വാക്‌സിന്‍ നല്‍കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ടത്. മറ്റ് വാക്‌സിന്‍ എടുക്കുന്നതിനൊപ്പം തന്നെയാണ് ഈ വാക്‌സിനും നല്‍കുന്നത്. ഒരു വയസുവരെ ഈ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയപരിധിയുമുണ്ട്.
