തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരുമായി 3500 കോടിയുടെ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബിന് പിന്തുണ അറിയിച്ച് ബിജെപി. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താല്‍പ്പര്യമെങ്കില്‍ വ്യവസായം നടത്താനായി ക്ഷണിക്കുകയാമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കിറ്റെക്സ് കമ്പനിയെ സിപിഐഎമ്മും കോണ്‍ഗ്രസും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കമ്പനിക്ക് രാഷ്ട്രീയമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്സ് കമ്പനിയിലേക്ക് നടത്തി വരുന്നത് തീര്‍ത്തും അനാവശ്യമായ റെയ്ഡുകളാണെന്നാണ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ വ്യവസായങ്ങളെ തകര്‍ക്കും. കേരളത്തില്‍ ആര്‍ക്കും ബിസിനസ് നടത്താനാകില്ല എന്ന പ്രതീതിയുണ്ടാക്കും. രാഷ്ട്രീയ പ്രതിയോഗികളെ ജനാധിപത്യ രീതികളിലൂടെയാണ് നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
