തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളിലും ഇളവുകളിലും മാറ്റങ്ങള്‍. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ടിപിആര്‍ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസം.
സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്‌സീനേഷനും കുറയുകയാണ്. എന്നാല്‍ ടിപിആര്‍ കുത്തനെ ഉയരുന്നു. ഓണാഘോഷങ്ങള്‍ കഴിയും മുമ്പേ പുറത്തുവരുന്ന കണക്കുകള്‍ കേരളത്തിന് ഒട്ടും ആശാവഹമല്ല. അഞ്ച് ശതമാനത്തിലേക്ക് എങ്കിലും ടിപിആര്‍ കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഇന്നലെ ടിപിആര്‍ കുതിച്ചുയര്‍ന്നത് 17.73. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും മൂലം ഇനിയുള്ള ദിവസങ്ങളില്‍ കണക്കുകള്‍ ഉയരാനിടയുണ്ട്.
