കോട്ട – ആറന്‍മുള സ്വദേശി ഉദയന്‍ ഇന്ന് നാട്ടുകാരുടെ ഇടയിലെ അഭിമാന താരമാണ്. ഇലക്ട്രീഷ്യനും പ്ലംബറും വോളിബോള്‍ കളിക്കാരനുമാണ് ഇദ്ദേഹം. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് 2018 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജാവലിന്‍ ത്രോയില്‍ വെങ്കല മെഡല്‍ നേടിയശേഷമാണ്. തുടര്‍ന്ന് നിരവധി ദേശീയ അന്തര്‍ ദേശിയ മത്സരങ്ങളില്‍ പങ്കെടുക്കുകയും അഭിമാനകരമായ നേട്ടം സ്വന്തമാക്കുകയും ചെയ്തു.

സ്‌കൂള്‍ പഠനകാലത്ത് മുളക്കുഴ ഗവ. ഹൈസ്‌ക്കൂളിനുവേണ്ടി ജാവലിന്‍ ത്രോയില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു തുടക്കം, പിന്നീട് കുറേ വര്‍ഷങ്ങള്‍ കേരളോത്സവത്തില്‍ ജാവലിന്‍ ത്രോയിലും ഡിസ്‌കസ് ത്രോയിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി. 2009-10 ല്‍ പത്തനംതിട്ട ജില്ലാ വോളിബോള്‍ ടീമില്‍ ഇടംനേടി, 2018-ല്‍ കോഴിക്കോട് നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും ട്രിപ്പിള്‍ ജംമ്പില്‍ വെങ്കലവും സ്വന്തമാക്കി . കോവിഡ് കാലത്ത് രണ്ട് വര്‍ഷത്തോളം മത്സരങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. 2021 നവംബര്‍ മാസം കോഴിക്കോട് നടന്ന സ്റ്റേറ്റ് മീറ്റില്‍ ജാവലിന്‍ സ്വര്‍ണവും ട്രിപ്പിള്‍ ജംമ്പില്‍ വെളളിയും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും സ്വന്തമാക്കി. 2021 ഡിസംബര്‍ മാസം കൊല്ലത്ത് നടന്ന മത്സരങ്ങളില്‍ ജാവലിന്‍, ഡിസ്‌കസ് ത്രോകളില്‍ സ്വര്‍ണവും ട്രിപ്പിള്‍ ജംപില്‍ വെളളിയും നേടി, ഈ വര്‍ഷം മാര്‍ച്ച് 4 തീയതി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന കേരളാ മാസ്റ്റേഴ്‌സ് അത്ത്‌ലറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും സ്വന്തമാക്കി നിശബ്ദമായി ആഘോഷങ്ങളില്ലാതെ തന്റെ ജൈത്രയാത്ര തുടരുകയാണ് പ്രിയപ്പെട്ട ഉദയന്‍ .
ജക്കാര്‍ത്തയില്‍ പോകാന്‍ സ്‌പോണ്‍സറെ കിട്ടിയതൊഴിച്ചാല്‍ സ്വന്തമായി അദ്ധ്വാനിച്ച പണം കൊണ്ടാണ് ഈ മത്സരങ്ങളില്‍ എല്ലാം പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും തന്റെ കായിക താല്‍പര്യം സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഉദയന്‍ എല്ലാവര്‍ക്കും മാതൃകയാണ്. സ്‌പോണ്‍സേഴ്‌സിനെ കിട്ടിയാല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിവുളള വ്യക്തിയാണ് ഉദയന്‍.നാടിന്റെ അഭിമാന താരമായി 25 വര്‍ഷമായി കായികജീവിതം നയിക്കുന്ന ഉദയന് ബിഗ് സല്യൂട്ട്.
