വലവൂര്‍: വലവൂരിലെ വോളിബോള്‍ കോര്‍ട്ടില്‍ എത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിനും മാണി സി കാപ്പന്‍ എം എല്‍ എ യും ‘ചെറുപ്പക്കാ’രായി കളിക്കളത്തില്‍ ഇറങ്ങി. രണ്ടാമത് ഖേലോ മാസ്റ്റേഴ്‌സ് സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
മന്ത്രി ഉദ്ഘാടകനും എം എല്‍ എ അധ്യക്ഷനുമായിരുന്നു. മുന്‍ അന്തര്‍ദ്ദേശീയ താരം കൂടിയായ മാണി സി കാപ്പന്‍ ജേഴ്‌സി അണിഞ്ഞു കൊണ്ടായിരുന്നു എത്തിയത്. റോഷിയാകട്ടെ എത്തിയ ശേഷമാണ് ജേഴ്‌സി അണിഞ്ഞത്.
പ്രസംഗത്തില്‍ തങ്ങളുടെ വോളിബോള്‍ കാലഘട്ടത്തെക്കുറിച്ച് ഇരുവരും കാണികളുമായി പങ്കുവച്ചു. തുടര്‍ന്നു ഇരുവരും കോര്‍ട്ടിലിറങ്ങിയപ്പോള്‍ കാണികള്‍ പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരുന്നു. റോഷി ഇടുക്കി ടീമിനു വേണ്ടിയും മാണി സി കാപ്പന്‍ കോട്ടയം ടീമിനു വേണ്ടിയുമാണ് കളിക്കളത്തില്‍ എത്തിയത്. ഇരുവരും പരസ്പരം പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു. റോഷി നല്‍കിയ പാസ് എടുത്ത മാണി സി കാപ്പന്‍ അതു തിരിച്ചു റോഷിക്കിട്ടു നല്‍കി. സഹകളിക്കാരും പങ്കാളികളായി. പത്തു മിനിറ്റോളം പഴയ ഓര്‍മ്മകളുമായി പന്തുതട്ടി കളിച്ചശേഷമാണ് ഇരുവരും കോര്‍ട്ടില്‍ നിന്നും തിരികെ കയറിയത്.
ഫിലിപ്പ് കുഴികുളം ആമുഖപ്രസംഗം നടത്തി. പ്രൊഫ വി കെ സരസ്വതി, സന്തോഷ് കുര്യത്ത്, ബസി ജോയി, സുമിത്ത് ജോര്‍ജ്, പി സി രവി, ശ്രീരാഗം രാമചന്ദ്രന്‍, ജോപ്പി ജോര്‍ജ്, അഡ്വ സോമശേഖരന്‍ നായര്‍ , അഗസ്റ്റിന്‍ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.
