കോര്‍പ്പറേറ്റ് മുന്നണികള്‍ക്കെതിരെ വിധിയെഴുതണം.

  • എസ് യു സി ഐ(കമ്മ്യൂണിസ്റ്റ് )

ജനങ്ങളുടെ വികസനത്തിന് പകരം കോര്‍പ്പറേറ്റ് വികസന താല്പര്യം മുന്‍നിര്‍ത്തി മത്സരിക്കുന്ന മുന്നണികളെ പരാജയപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ കര്‍ത്തവ്യമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

വിമാനത്താവളങ്ങളും റെയില്‍വേയും വൈദ്യുതിയും ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളും സമുദ്ര സമ്പത്തും അദാനിയെപ്പോലുള്ള കോര്‍പറേറ്റുകള്‍ക്കു തീറെഴുതാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്.ഇന്ധന വിലവര്‍ധനയിലൂടെ രണ്ടു സര്‍ക്കാരുകളും ഒരേപോലെയാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്.

കാര്‍ഷിക മേഖലയും വിമാനത്താവളങ്ങളും റെയില്‍വേയും അദാനിക്കും അംബാനിക്കും വില്‍ക്കുന്ന മോദി സര്‍ക്കാരും അദാനിയില്‍ നിന്ന് വൈദുതി വാങ്ങാന്‍ കരാര്‍ നല്‍കിയ പിണറായി സര്‍ക്കാരും തമ്മില്‍ എന്താണ് വ്യത്യാസം? ആഴക്കടല്‍ വില്‍പ്പനക്കും കേന്ദ്ര സംസ്ഥാന സഖ്യമുണ്ട്. എന്നിട്ട്, ജനങ്ങളെ മതാടിസ്ഥാനത്തിലും വര്‍ഗീയടിസ്ഥാനത്തിലും വിഭജിക്കാന്‍ പ്രധാനമന്ത്രി തന്നെ ശബരിമലയുടെ പേരില്‍ ശരണം വിളിക്കുന്ന ദയനീയ കാഴ്ചയാണുള്ളത്.വര്‍ഗീയ പ്രീണനത്തിനായി അമ്പലങ്ങളും അരമനകളും കയറിയിറങ്ങുന്ന ഇടതു മന്ത്രിമാര്‍ ഇതര മുന്നണികളെ പോലെ തന്നെ മതേതര രാഷ്ട്രീയത്തെ കുഴിച്ചുമൂടുകയാണ്.

ആഗോളവത്കരണ നയങ്ങളുടെ ആവിഷ്‌കര്‍ത്താക്കളായ കോണ്‍ഗ്രസ് ഇതേ നയങ്ങള്‍ കൈയാളുന്നവരാണ്. ഈ മൂന്നു മുന്നണികളില്‍ ആരാധികാരത്തിലേറിയാലും സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ വര്‍ദ്ധിക്കും എന്നത് ഉറപ്പാണെന്നും
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി വേണുഗോപാല്‍ പറഞ്ഞു.

ക്രിമിനല്‍ മൂലധന താല്‍പ്പര്യങ്ങള്‍ സംരക്ഷികുന്നത് വഴി ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തില്‍ ജനകീയ സമരത്തിന്റെ, ചെറുത്തു നില്‍പ്പിന്റെ ശക്തിയായ, യഥാര്‍ത്ഥ ഇടതുപക്ഷ പ്രസ്ഥാനമായ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *