ടോക്യോ: ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്. ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കരിയര്‍ കണ്ടെത്തിയത് 87.58. എന്നാല്‍ മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗള്‍ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നില്‍.
യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. അണ്ടര്‍ 20 ലോകചാംപ്യനും ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച ദൂരം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്. അതേസമയം മെഡല്‍ നേത്തിലും ടോക്യോയില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് നേട്ടമാണ്. ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്യോയില്‍ നേടിയത്. ഒരു സ്വര്‍ണം രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില.
