കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ഡോക്ടേഴ്സ് സമരം പ്രഖ്യാപിച്ചു. നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
അതേസമയം അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരും നാളെ സമരത്തിന്റെ ഭാഗമാകും. കെജിഎംഒ നാളെ പ്രതിഷേധ ദിനം ആചരിക്കും. ഓഗസ്റ്റ് 18 മുതൽ 31 വരെ ആരോഗ്യ സ്ഥാപനങ്ങളിൽ സുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും കെജിഎഒ അറിയിച്ചു.
കേസ് സിബിഐ ഏറ്റെടുത്തിരുന്നു. കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർ നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം പുറത്തുവന്നിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ അടക്കം മാരകമായ മുറിവുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതോടൊപ്പം ശരീരത്തിൽ കണ്ടെത്തിയ ബീജത്തിന്റെ അളവ് ഓന്നിലധികം പേരുടെ ഇടപെടൽ സൂചിപ്പിക്കുന്നുവെന്ന് മാതാപിതാക്കൾ കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സുപ്രധാന കണ്ടെത്തൽ കോടതിക്ക് മുൻപിൽ ഉന്നിയിച്ചാണ് മകൾ കൂട്ടബലാത്സംഗത്തിനിരയായെന്ന സംശയം ഡോക്ടറുടെ ബന്ധുക്കൾ പ്രകടിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.
