മൗനം കൊണ്ട് ഒട്ടയടച്ച് രക്ഷപ്പെടാമെന്ന് കരുതരുത് : വി മുരളീധരൻ

നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡിനെ കുറിച്ച് സിപിഎം വിശദീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.കരുവന്നൂര്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കാത്ത പ്രതിപക്ഷത്തിനും തട്ടിപ്പില്‍ ബന്ധമുണ്ട്. പിണറായി ഐക്യ മുന്നണി ആണ് കേരളത്തില്‍ ഭരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും കുടുംബവും വെട്ടിപ്പ് നടത്തിയെങ്കില്‍ അത് വിശദീകരിക്കാന്‍ പാര്‍ട്ടി തയാറാകണം. വീണാ വിജയന്റെ കമ്ബനി കോടികള്‍ നല്‍കി ചെയ്യുന്ന ‘ടാലി’ സേവനം ആലുവയില്‍ തുച്ഛമായ തുകയ്ക്ക് ചെയ്തുകിട്ടും. മൗനം കൊണ്ട് ഓട്ടയടച്ച് രക്ഷപ്പെടാമെന്ന് കരുതരുതെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് മേല്‍ സാമ്ബത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പരാമര്‍ശം വി മുരളീധരന്‍ തള്ളി. കേരളത്തിനോട് വിവേചനം കാണിച്ചെങ്കില്‍ സര്‍ക്കാര്‍ വസ്തുതകള്‍ നിരത്തി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഘടന വാദികളുടേതിന് സമാനമായ ഭാഷയാണ് ബാലഗോപാലിന്റേത്. കേരളത്തിന്റെ സാമ്ബത്തിക പ്രതിസന്ധിയുടെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. കടമെടുപ്പിന്റെ പരിധി സംബന്ധിച്ചുള്ള നീതി ആയോഗിന്റെ മീറ്റിംഗില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെന്നും മുരളീധരന്‍ ചോദിച്ചു. പാര്‍ട്ടി മീറ്റിംഗിന് ഡല്‍ഹിയില്‍ വരുമ്‌ബോള്‍ മാത്രം മന്ത്രിമാരെ കണ്ടാല്‍ പലതും പരിഹരിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *