വിഴിഞ്ഞം : മുക്കോല ശക്തിപുരം റോഡില്‍ കിണറില്‍ ഉറകള്‍ സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളിയെ പുറത്തെടുത്തു. ശനിയാഴ്ച 9 മണിയോടെയായിരുന്നു സംഭവം. ശക്തിപുരം റോഡില്‍ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ സുകുമാരന്റെ വീട്ടുവളപ്പിലെ കിണറില്‍ ഉറകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ നടന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് താഴുന്നത്.

ഉടന്‍ മുകളില്‍ ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ അപായ സൂചന നല്‍കിയെങ്കിലും മണികണ്ഠന്‍ കയറില്‍ തൂങ്ങി രക്ഷപ്പെട്ടു. പക്ഷേ മഹാരാജനു മേല്‍ ഉറകള്‍ ഉള്‍പ്പെടെ മണ്ണ് മൂടുകയായിരുന്നു. വീട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പോലീസും ഫയര്‍ഫോഴ്‌സും എത്തിയെങ്കിലും 90 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 15 അടിയോളം മണ്ണും ഉറകളും ഇടിഞ്ഞുവീണത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
കിണറ്റിലെ മണ്ണ് കോരി മാറ്റുന്നതിനിടെ ഞായറാഴ്ച വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഇതിനിടെ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ നിന്നും ദേശീയ ദുരന്തനിവാരണ സേനയും എത്തി. കഠിനപ്രയത്‌നത്തിനൊടുവില്‍ ഇന്ന് പത്തു മുപ്പതോടെ മഹാരാജന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
തമിഴനാട് സ്വദേശിയായ മഹാരാജന്‍ 22 വര്‍ഷമായി കേരളത്തില്‍ സ്ഥിരതാമസമാണ്. ആദ്യം മേഗിരി പണിയും പിന്നിട് ഹോട്ടല്‍ ബിസ്സനസും നടത്തി നഷ്ടത്തിലായതോടെ കിണര്‍ പണിയിലെക്ക് തിരിയുകയായിരുന്നു.. ഭാര്യ സെല്‍വിയും, മക്കളായ സിബിനയും, ബബിതയും വെങ്ങാനൂരിലെ നെല്ലിയറത്തല വീട്ടിലായിരുന്നു താമസം.
