ഞങ്ങൾക്ക് മാത്രമാണ് രാജ്യസ്നേഹം ; മറ്റുള്ളവർ എല്ലാം രാജ്യദ്രോഹികൾ

ഞങ്ങള്‍ പറയുന്നത് മാത്രമാണ് സത്യം. ഞങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ‘ദേശസ്‌നേഹം’. ഇതിനെതിരായി ആര് എന്ത് പറഞ്ഞാലും, ചെയ്താലും അത് ദേശദ്രോഹമാണ്” ഇതാണ് അമിത്ഷായുടെയും ബിജെപിയുടെയും ഒക്കെ നിലപാട്. അതാണ് ആനി രാജയ്ക്ക് സംഭവിച്ചിരിക്കുന്നത്.മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ സര്‍ക്കാറിനെതിരായി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇംഫാല്‍ പൊലീസാണ് സിപിഐ നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണ് എന്ന ആനിരാജയുടെ പ്രസ്താവനയാണ് കേസെടുക്കാന്‍ കാരണം.. . .ആനി രാജയക്ക് പുറമെ ദേശിയ വനിതാ ഫെഡറേഷന്‍ നേതാവ് നിഷ സിദ്ദു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ക്ക് എതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമര്‍ശത്തിനെതിരെയും കേസുണ്ട്.കേസെടുത്തത് കൊണ്ട് പ്രസ്താവനകളില്‍ നിന്ന് പിന്നാക്കം പോകില്ല. പൊലീസ് നടപടിക്കെതിരായി നിയമ പോരാട്ടം നടത്തും. കേന്ദ്ര സര്‍ക്കാര്‍ കൂടി പങ്കാളിയായ ഹിഡന്‍ അജണ്ടയാണ് മണിപ്പൂരില്‍ നടപ്പിലാക്കുന്നത്. മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത മണിപ്പൂരിലെ ചില വസ്തുതകള്‍ പുറത്ത് പറഞ്ഞു എന്നുള്ളതാണ് അവരെ ചൊടിപ്പിച്ചിട്ടുള്ളതെന്നും ആനി രാജ വ്യക്തമാക്കി.

രാജ്യത്ത് അരാഷ്ട്രീയത സൃഷ്ടിക്കുന്ന സംഘപരിവാര്‍ ഗവണ്‍മെന്റിന്റെ തീട്ടൂരങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടുന്ന പോരാളിയാണ് ആനി രാജ. സമകാലിക ഇന്ത്യയുടെ മുക്കിനും ,മൂലയിലും ചര്‍ച്ച ചെയ്യപ്പെടുന്ന നാടിന്റെ ബഹുസ്വരതക്കും ,മതേതര മൂല്യങ്ങള്‍ക്കും ഏറ്റ കനത്ത വെല്ലുവിളിയാണ് മണിപ്പൂര്‍ കലാപം.
മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന അവരുടെ ജീവനും ,സ്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സംഘപരിവാര്‍ ഗവണ്‍മെന്റ് ബോധപൂര്‍വ്വം സൃഷ്ടിച്ച മണിപ്പൂര്‍ കലാപത്തിനെതിരെ ശബ്ദമുയര്‍ത്തിയ നേതാവാണ് ആനി രാജ തുടങ്ങിയ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നുണ്ട്.എന്തായാലും
മണിപ്പൂരില്‍ നിലനില്‍ക്കുന്ന അശാന്തി നീക്കാനും ,മണിപ്പൂര്‍ ജനതയ്ക്ക് പ്രതീക്ഷയുടെ പൊന്‍കിരണം നല്‍കാനും പടപൊരുതിയ ആനിരാജക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയ ബിജെപി നയം അംഗീകരിക്കാന്‍ ആകുന്നതല്ല. മനുഷ്യന്റെ പ്രതികരണശേഷിയെ ചങ്ങലകള്‍ക്കുള്ളില്‍ ബന്ധിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഗവണ്‍മെന്റിന്റെ ഈ നയങ്ങള്‍ക്ക് എതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

നാല് ദിവസം മണിപ്പൂരില്‍ ചെലവഴിക്കാന്‍ സാധിച്ചതില്‍ നിന്ന് കലാപത്തിന് ഉത്തരവാദികള്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണെന്ന് ബോധ്യമായെന്ന് തിങ്കളാഴ്ച ഡല്‍ഹിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ആനി രാജ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതല്‍ സാമൂഹിക ലഹളയ്ക്കുള്ള സാധ്യതകള്‍ മണിപ്പൂരില്‍ എരിഞ്ഞ് തുടങ്ങിയിരുന്നു. തലസ്ഥാനമായ ഇംഫാലില്‍ സ്ഥലം കൈയ്യേറി എന്ന് ആരോപിച്ച് സര്‍ക്കാര്‍ തന്നെ പള്ളികള്‍ പൊളിച്ചുമാറ്റിയതും സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

കൃത്യമായ രേഖകള്‍ കൈവശംവച്ച ദേവാലയങ്ങളാണ് സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്.അന്ന് തന്നെ മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ തലപ്പൊക്കിയിരുന്നു. പിന്നീട് കലാപം ആരംഭിച്ചതിന് പിന്നാലെ മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ വളര്‍ത്തുന്നതിനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചതെന്നും ആനി രാജ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിലൂടെ വിഭാഗീയത മറയാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും ഒരു അഭിപ്രായവും സ്വീകരിക്കാതെ ഏകവ്യക്തി നിയമമെന്ന ചര്‍ച്ച ഉയര്‍ത്തിപ്പിടിക്കുന്നത് 2024ലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നും ആനി രാജ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

എന്തായാലും കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ തന്നെയാണ് ആനി രാജയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *