ലോണെടുത്ത് നിർമിച്ച കടമുറിക്ക് കെട്ടിട നമ്പർ ഗ്രാമപഞ്ചായത്തിൽ നിന്ന് അനുവദിക്കണമെന്ന പള്ളിച്ചൽ സ്വദേശി വിജയകുമാറിൻ്റെ അപേക്ഷ വേഗത്തിൽ തീർപ്പാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിലാണ് തീരുമാനം. ദേശീയ പാത വീതികൂട്ടുന്നതിന് ഭൂമി വിട്ടുനൽകിയ സാഹചര്യവും അപേക്ഷകൻ്റെ ഉപജീവന മാർഗ്ഗവും പരിഗണിച്ചാണ് ഉത്തരവ് നൽകിയതെന്ന് മന്ത്രി പറഞ്ഞു.
തീരെ ചെറിയ കെട്ടിടവും സ്ഥലവും എന്ന പരിഗണനയിൽ പ്രത്യേക ഉത്തരവാണ് നൽകിയത്. വിജയകുമാറിന് ആകെയുള്ള മൂന്നേമുക്കാൽ സെൻ്റ് വസ്തുവിൽ രണ്ടേകാൽ സെൻ്റ് ദേശീയപാത വികസനത്തിനു വിട്ടുനൽകി. തുടർന്നുള്ള ഒന്നര സെൻ്റിലാണ് കെട്ടിട മുറി നിർമിച്ചത്. പ്രാവച്ചമ്പലം സഹകരണ ബാങ്കിൽ നിന്നും നാലു ലക്ഷം രൂപയുടെ ലോണിലാണ് കെട്ടിടം നിർമിച്ചത്.
നമ്പർ ഇല്ലാത്തതിനാൽ മുറികൾ വാടകക്ക് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു. രോഗബാധിതനായ അദ്ദേഹത്തിന് 17 ഉം 15 ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്. ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ വായ്പ തിരിച്ചടവ് മുടങ്ങുകയും ചെയ്തിട്ടുണ്ട്. ജീവിതാവസ്ഥ പരിഗണിച്ച് കെട്ടിടത്തിന് നമ്പർ അനുവദിച്ച മന്ത്രി എം ബി രാജേഷിനും തദ്ദേശസ്വയംഭരണ വകുപ്പിനും നന്ദി അറിയിച്ചാണ് വിജയകുമാർ മടങ്ങിയത്.

 
                                            