കുഴഞ്ഞുവീഴുന്നവരെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍

കുഴഞ്ഞുവീണു മരിക്കുക സ്ഥിരമായി കേള്‍ക്കുന്ന ഒരു വാര്‍ത്തയാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. അതുകൊണ്ടുതന്നെ ജീവന്‍ പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം അറിയേണ്ട, ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് സിപിആര്‍ നല്‍കുക എന്നുള്ളത്.

രോഗിയെ നിരപ്പായ, കട്ടിയുള്ള പ്രതലത്തില്‍ മുഖം മുകളിലേക്ക് മലര്‍ത്തി കിടത്തുക. രോഗിയുടെ വശത്തായി മുട്ടു കുത്തി നില്‍ക്കുക. രോഗിയുടെ നെഞ്ചിലെ മധ്യഭാഗത്തുള്ള അസ്ഥിയില്‍ ഒരു കൈപ്പത്തി വച്ച് അതിനു മുകളില്‍ നമ്മുടെ അടുത്ത കൈവച്ചതിനു ശേഷം വിരലുകള്‍ കോര്‍ത്തു പിടിച്ച് മിനിറ്റില്‍ 100 പ്രാവശ്യം രണ്ടിഞ്ച് ആഴത്തില്‍ ആവര്‍ത്തിച്ച് അമര്‍ത്തുക.

ഓരോ തവണ അമര്‍ത്തുമ്പോഴും രോഗിയുടെ നെഞ്ച് പഴയ നിലയിലേക്കു വരാന്‍ അനുവദിക്കണം. ഇതിനു ശേഷം രോഗിയുടെ താടിയെല്ല് മുകളിലേക്ക് ഉയര്‍ത്തി, മൂക്കു പൊത്തിപ്പിടിച്ച്, വായിലൂടെ 2 തവണ ശ്വാസം കൊടുക്കാം. കൃത്രിമ ശ്വാസം കൊടുക്കാതെയും സിപിആര്‍ ചെയ്യാവുന്നതാണ്.

എപ്പോഴാണു സിപിആര്‍ ചെയ്യേണ്ടതെന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. അതിനാല്‍ മിക്കവരും ഇതിനായി മുന്നോട്ടുവരില്ല. ഒഴിവാക്കാവുന്ന മരണങ്ങളാണ് ഇതുമൂലം സംഭവിക്കുക. ഒരാള്‍ കുഴഞ്ഞുവീഴുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്താല്‍ ഒരുനിമിഷം പോലും വൈകാതെ സിപിആര്‍ തുടങ്ങണം.

Leave a Reply

Your email address will not be published. Required fields are marked *