കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് പറഞ്ഞാല്‍ ഇടതുമന്ത്രിമാര്‍ വരെ ഉള്ളില്‍ പരിഹസിക്കുമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് മാറില്ല, അഞ്ച് ലക്ഷത്തിന് താഴെയുള്ള ചെക്ക് വാങ്ങിവെച്ച് പണം പിന്നെത്തരാമെന്ന് പറയും. പഞ്ചായത്തില്‍ പുല്ല് വെട്ടിയതിന് കാശ് കൊടുക്കാനില്ല കയ്യില്‍. സാമ്പത്തികനില ഭദ്രമാണെങ്കില്‍ എന്തുകൊണ്ട് വിവിധ വകുപ്പുകളിലെ നിയമനം വൈകിപ്പിക്കുന്നു. ഭിന്നശേഷി അധ്യാപകരുടെ നിയമനം പോലും നടക്കുന്നില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് വകുപ്പുകളോട് സര്‍ക്കാര്‍ വാക്കാല്‍ പറഞ്ഞിരിക്കുന്നത്. വിരമിച്ച പോസ്റ്റുകളില്‍ പോലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പിഎസ്‌സി ലിസ്റ്റിലെ ഒന്നാം ഒന്നാം റാങ്കുകാര്‍ക്ക് പോലും ജോലി നല്‍കിയില്ല’- വി.ഡി സതീശന്‍ ആരോപിച്ചു.
അതേസമയം നിയമസഭയിൽ മന്ത്രി വി.ശിവൻകുട്ടിയെ പുകഴ്ത്തി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ ദിവസം പ്രതിപക്ഷം ബഹളം വച്ചപ്പോൾ മന്ത്രി ശിവൻകുട്ടി വരെ എഴുന്നേറ്റുവന്ന് സഭയിൽ എങ്ങനെ പെരുമാറണമെന്നു ക്ലാസെടുക്കാൻ ശ്രമിച്ചെന്നു സതീശൻ പറഞ്ഞു. ഇൗ സഭയിൽ ഏറ്റവും കൂടുതൽ ക്ലാസെടുത്തിട്ടുള്ളത് സതീശനാണെന്നു ശിവൻകുട്ടി മറുപടി നൽകി. അതു സതീശനുള്ള പ്രശംസയാണെന്നു സ്പീക്കർ ഇടപെട്ടു പറഞ്ഞു. അപ്പോഴായിരുന്നു സതീശന്റെ പുകഴ്ത്തൽ. വ്യക്തിപരമായി ഏറ്റവും നന്നായും മനോഹരമായും പെരുമാറുന്ന മന്ത്രിയും മന്ത്രിസഭയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മന്ത്രിയും ശിവൻകുട്ടിയാണെന്നു സതീശൻ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും അതിനെ ഡെസ്ക്കിൽ തട്ടി സ്വാഗതം ചെയുകയും ചെയ്തു.
അതേസമയം നവകേരള സദസില്‍ വ്യാപക ആക്രമണം നടനുവെന്നും കേരളം മുഴുവന്‍ ആളുകളെ തല്ലി ചതയ്ക്കുന്നത് കണ്ടിട്ടും തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്ത് നിയമവ്യവസ്ഥയാണ് കേരളത്തിലെന്ന് അദ്ദേഹം ചോദിച്ചു. ഗണ്‍മാനെതിരെ അന്വേഷണം നടത്താന്‍ പോലീസിന്റെ മുട്ടിടിച്ചുവെന്നും പിന്നെ മുഖ്യമന്ത്രിക്ക് എതിരെ സത്യസന്ധമായ അന്വേഷണം നടക്കുമോ എന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനുള്ള പ്രേരണയാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് പറഞ്ഞ അദ്ദേഹം പോലീസോ മുഖ്യമന്ത്രിയോ അനാവശ്യമായി ഇതില്‍ ഇടപെടരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം സത്യസന്ധമാകണമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
