സീരിയലിലെ വില്ലത്തിമാരായ നടിമാര്‍ക്ക് പുറത്തിറങ്ങുമ്പോള്‍ അടി കിട്ടുകയും മോശം അനുഭവം ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാല്‍ സിനിമാ താരങ്ങള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമം വളരെ കുറവായിരുന്നു. എന്നാലിപ്പോള്‍ തെലുങ്കിലെ പ്രമുഖ നടന് സിനിമാ കാണാനെത്തിയ സ്ത്രീയുടെ കൈയ്യില്‍ നിന്നും തല്ല് വാങ്ങേണ്ടി വന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
ലവ് റെഡ്ഡി എന്ന സിനിമയില്‍ തെലുങ്ക് നടന്‍ എന്‍ ടി രാമസ്വാമി വില്ലനായി അഭിനയിച്ചിരുന്നു. സ്മരണ്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ലവ് റെഡ്ഡി ഒക്ടോബര്‍ 18 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ആന്ധ്രാപ്രദേശ്-കര്‍ണാടക അതിര്‍ത്തി പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ചിത്രം, കുടുംബകഥയും മറ്റ് അപ്രതീക്ഷിത സംഭവങ്ങളിലൂടെയും കടന്നുപോകുന്ന ഒരു പുരുഷന്റെയും സ്ത്രീയുടെയും പ്രണയത്തിന്റെ കഥയാണ് പറയുന്നത്.
ചിത്രത്തിലെ വില്ലനായി അഭിനയിച്ച രാമസ്വാമി ഗംഭീര പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ഈ സിനിമ കണ്ടതിന് ശേഷം ഒരു സ്ത്രീ നടനെ ആക്രമിച്ചിരിക്കുകയാണിപ്പോള്‍. സിനിമയിലെ നായകന്റെയും നായികയുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കിടിലനൊരു വില്ലന്‍ വേഷമായിരുന്നു നടന്റേത്.
താരങ്ങളടക്കമുള്ളവര്‍ പ്രേക്ഷകരുമായി സംസാരിക്കവേ കാണികള്‍ക്കിടയില്‍ നിന്നും ഒരു സത്രീ ഓടി വരികയും രാമസ്വാമിയുടെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അടിക്കാന്‍ നോക്കുകയുമായിരുന്നു. പെട്ടെന്നുണ്ടായ അതിക്രമത്തില്‍ ഭയന്ന നടന്‍ അവരെ തള്ളി മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്ത്രീ കൂടുതല്‍ ഉപദ്രവിക്കാനായി നോക്കി. ഇതോടെ കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് നടനെ രക്ഷിച്ചെങ്കിലും സ്ത്രീ പിന്നെയും ഉപദ്രവിക്കാന്‍ നോക്കുകയും ചെയ്തു.
എന്തിനാണ് നായികയെയും നായകനെയും നിങ്ങള്‍ ബുദ്ധിമുട്ടിച്ചതെന്ന് ചോദിച്ചായിരുന്നു ഈ സ്ത്രീ നടനെ തള്ളുകയും അടിക്കാന്‍ നോക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ഇതേക്കുറിച്ച് രാമസ്വാമിയും ലവ് റെഡ്ഡിയുടെ സംഘവും ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
