കോടികള്‍ മറിയുന്ന ബിസിനസ് മേഖലയാണ് ബോളിവുഡ്. ഒരു സിനിമയ്ക്ക് താരങ്ങൾ വാങ്ങുന്ന പ്രതിഫലം മറ്റ് ഭാഷകളെ അപേക്ഷിച്ച് ഞെട്ടിക്കുന്നതാണ്. താരങ്ങളും സംവിധായകരും ഗായകരുമെല്ലാം വന്‍ തുക പ്രതിഫലം വാങ്ങുന്ന ബോളിവുഡ് അതിസമ്പന്നര്‍ വിഹരിക്കുന്ന ഒരു മേഖലയാണ്. ബോളിവുഡില്‍ ബച്ചന്, ഖാന്, കപൂര്‍, ചോപ്ര തുടങ്ങി നിരവധി താരകുടുംബങ്ങളുണ്ട്. താരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ സമ്പത്തും പ്രൗഢിയുമൊന്നും. താരകുടുംബങ്ങളിലേക്കും ഇത് വ്യാപിക്കുന്നു.
ഇവരെല്ലാം സമ്പത്തില്‍ വളരെ മുന്നിലാണ് എന്നതും ശരി തന്നെ. എങ്കിലും ബോളിവുഡിലെ ഏറ്റവും സമ്പന്നരായ കുടുംബം എന്ന വിശേഷണം മുകളില്‍ പറഞ്ഞവര്ക്കൊന്നുമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഭൂഷണ് കുമാറിന്റെ കുടുംബമാണ് ബോളിവുഡിലെ ഏറ്റവും സമ്പന്നരായ കുടുംബം. പതിറ്റാണ്ടുകളായി ബോളിവുഡിലെ പല ബിസിനസുകളിലും കുടുംബത്തിന് പങ്കാളിത്തമുണ്ട്. ഭൂഷണ് കുടുംബം നടത്തുന്ന പ്രൊഡക്ഷന്‍ ഹൗസുകള്‍ പ്രമുഖ കോര്‍പ്പറേഷനുകളായി പരിണമിച്ചതോടെയാണ് സമ്പത്തില്‍ വലിയ വര്‍ധനവുണ്ടായത്. പഴക്കച്ചവടത്തില്‍ നിന്ന് തുടങ്ങി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ വ്യവസായങ്ങളുടെ തലപ്പത്ത് വിരാജിക്കുകയാണ് ഈ കുടുംബം. ഡല്‍ഹിയില്‍ പഴക്കച്ചവടക്കാരനായി തുടങ്ങിയതായിരുന്നു ഭൂഷണിന്റെ പിതാവ് ഗുല്‍ഷന്‍ കുമാര്‍.
ഇവിടെ നിന്നാണ് കുടുംബത്തിന്റെ ഇന്നത്തെ നിലയിലേക്കുള്ള ജൈത്രയാത്ര ആരംഭിച്ചത്. 1970-കളില്‍ ഗുല്‍ഷനും ഭൂഷണും ചേര്‍ന്ന് ഒരു മ്യൂസിക് കാസറ്റ് ഷോപ്പ് ആരംഭിച്ചതാണ് കുടുംബത്തിന്റെ തലവര മാറ്റിയത്. ഇത് ഒടുവില്‍ സൂപ്പര്‍ കാസറ്റുകളുടെ സ്ഥാപനത്തിലേക്ക് നയിച്ചു. വൈകാതെ അത് മള്‍ട്ടിമീഡിയ സാമ്രാജ്യമായ ടി-സീരീസ് ആയി പരിണമിച്ചു. ഇന്ന്, ടി-സീരീസിന് ഒരു പ്രമുഖ സിനിമാ സ്റ്റുഡിയോയും ഒന്നിലധികം അനുബന്ധ സ്ഥാപനങ്ങളും നോയിഡയിലെ ഗുല്‍ഷന്‍ കുമാര്‍ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്വന്തമായുണ്ട്. ഭൂഷണ് കുമാറിന്റെ കുടുംബത്തിന് 10,000 കോടി രൂപയുടെ മൊത്തം ആസ്തിയുണ്ട്.
ബോളിവുഡിലെ രണ്ടാമത്തെ സമ്പന്ന കുടുംബം ആദിത്യ ചോപ്രയുടേതാണ്. യാഷ് രാജ് ഫിലിംസിലൂടെ ഏകദേശം 8000 കോടി രൂപയാണ് കുടുംബത്തിന്റെ ആകെ ആസ്തി. ഷാരൂഖ് ഖാന്റെ കുടുംബം ഏകദേശം 7,500 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമതാണ്. സല്മാന് ഖാന്റെ കുടുംബത്തിന്റെ മൂല്യം 3,500 കോടി രൂപയാണ്.
