ജി 20 ആരോഗ്യമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തെ 2.1 ദശലക്ഷം ഡോക്ടര്‍മാര്‍, 3.5 ദശലക്ഷം നഴ്സുമാര്‍, 1.3 ദശലക്ഷം പാരാമെഡിക്കുകള്‍, 1.6 ദശലക്ഷം ഫാര്‍മസിസ്റ്റുകള്‍, ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിനു പേര്‍ എന്നിവരെ പ്രതിനിധാനം ചെയ്ത് വിശിഷ്ടാതിഥികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

ആരോഗ്യത്തെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി ഗാന്ധിജി കണക്കാക്കിയതായും, ഈ വിഷയത്തില്‍ ‘ആരോഗ്യത്തിന്റെ താക്കോല്‍’ എന്ന പേരില്‍ ഒരു പുസ്തകം അദ്ദേഹം എഴുതിയതായും രാഷ്ട്രപിതാവിനെ പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു. മനസ്സും ശരീരവും യോജിപ്പിലും സന്തുലിതാവസ്ഥയിലും ആയിരിക്കുക എന്നതാണ് ആരോഗ്യമെന്നും ആരോഗ്യമാണ് ജീവിതത്തിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആരോഗ്യമാണ് പരമമായ സമ്പത്ത്, നല്ല ആരോഗ്യത്തോടെ എല്ലാ കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും’ എന്ന അര്‍ത്ഥത്തിലുള്ള സംസ്‌കൃത ശ്ലോകവും പ്രധാനമന്ത്രി ഉദ്ധരിച്ചു. നമ്മുടെ തീരുമാനങ്ങളുടെ കേന്ദ്രബിന്ദു ആരോഗ്യം ആയിരിക്കണമെന്ന് കോവിഡ്-19

മഹാമാരി നമ്മെ ഓര്‍മ്മിപ്പിച്ചതായി പ്രധാനമന്ത്രി അടിവരയിട്ടു. മരുന്ന്, വാക്സിന്‍ വിതരണത്തിലായാലും നമ്മുടെ ജനങ്ങളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിലായാലും അന്താരാഷ്ട്ര സഹകരണത്തിന്റെ മൂല്യവും മഹാമാരി വേള നമുക്ക് കാണിച്ചുതന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വാക്സിന്‍ മൈത്രി സംരംഭത്തിന് കീഴില്‍ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഉള്‍പ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് 300 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ ഇന്ത്യ എത്തിച്ചതായി, ലോകത്തിന് കോവിഡ്-19 വാക്സിന്‍ നല്‍കാനുള്ള രാജ്യത്തിന്റെ മാനുഷിക സംരംഭം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിക്കാലത്തെ ഏറ്റവും വലിയ പാഠങ്ങളിലൊന്നാണ് പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ആഗോള ആരോഗ്യ സംവിധാനങ്ങള്‍ അതിജീവനശേഷിയുള്ളതായിരിക്കണമെന്നും പറഞ്ഞു. അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ പ്രതിരോധിക്കാനും തയ്യാറാക്കാനും പ്രതികരിക്കാനും നാം തയ്യാറായിരിക്കണം. പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത് ഇത് വളരെ പ്രധാനമാണ്. മഹാമാരി സമയത്ത് നാം കണ്ടതുപോലെ, ലോകത്തിന്റെ ഒരു ഭാഗത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളെയും ബാധിക്കും.

”ഇന്ത്യയില്‍ ഗവണ്മെന്റ് സമഗ്രവും ഉള്‍ക്കൊള്ളുന്നതുമായ സമീപനമാണ് പിന്തുടരുന്നത്,” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗവണ്മെന്റ് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുകയും പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും എല്ലാവര്‍ക്കും താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ നല്‍കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ആഗോള സ്വീകാര്യത സമഗ്രമായ ആരോഗ്യത്തിനായുള്ള സാര്‍വത്രിക കാഴ്ചപ്പാടിന്റെ തെളിവാണ്. ഈ വര്‍ഷം 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നു. ചെറുധാന്യങ്ങള്‍ക്ക് അഥവാ ഇന്ത്യയില്‍ അറിയപ്പെടുന്ന ‘ശ്രീ അന്ന’യ്ക്ക് നിരവധി ആരോഗ്യകരമായ ഗുണങ്ങളുണ്ട്.

സമഗ്രമായ ആരോഗ്യവും ക്ഷേമവും എല്ലാവരുടെയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ജാംനഗറില്‍ ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യത്തിനായുള്ള ആഗോള കേന്ദ്രം സ്ഥാപിക്കുന്നത് ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. കൂടാതെ, ജ20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തോടൊപ്പം പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള ഉച്ചകോടി നടത്തുന്നത് അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളെ ഊര്‍ജിതമാക്കും. പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ആഗോള ശേഖരം നിര്‍മ്മിക്കാനുള്ള നമ്മുടെ കൂട്ടായ പരിശ്രമമായിരിക്കണം അത്.

ശുദ്ധവായു, സുരക്ഷിതമായ കുടിവെള്ളം, മതിയായ പോഷകാഹാരം, സുരക്ഷിതമായ പാര്‍പ്പിടം എന്നിവ ആരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളാണെന്ന് , ആരോഗ്യവും പരിസ്ഥിതിയും ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥയും ആരോഗ്യവും സംരംഭം തുടങ്ങുന്നതിനു വേണ്ടി സ്വീകരിച്ച നടപടികള്‍ക്ക് അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികളെ അഭിനന്ദിച്ചു.ആന്റി-മൈക്രോബയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) ഭീഷണി നേരിടാന്‍ സ്വീകരിച്ച നടപടികളും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള പൊതുജനാരോഗ്യത്തിനും ഇതുവരെയുള്ള എല്ലാ ഔഷധ നിര്‍മ്മാണ മുന്നേറ്റങ്ങള്‍ക്കും എഎംആര്‍ ഗുരുതരമായ അപകടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി20 ആരോഗ്യ പ്രവര്‍ത്തക സമിതി ”ഏകാരോഗ്യം” എന്ന ആശയത്തിന് മുന്‍ഗണന നല്‍കിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മുഴുവന്‍ ആവാസവ്യവസ്ഥയ്ക്കും – മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും പരിസ്ഥിതിക്കും നല്ല ആരോഗ്യം വിഭാവനം ചെയ്യുന്ന ”ഏക ഭൂമി, ഏകാരോഗ്യം” എന്നതാണ് ഗവണ്മെന്റിന്റെ കാഴ്ചപ്പാട്. ആരെയും ഒഴിവാക്കരുത് എന്ന ഗാന്ധിജിയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് ഈ സംയോജിത വീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യസംരംഭങ്ങളുടെ വിജയത്തിലെ പ്രധാന ഘടകമെന്ന നിലയില്‍ പൊതുജനപങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ച പ്രധാനമന്ത്രി, രാജ്യത്തെ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ വിജയത്തിനുള്ള പ്രധാന കാരണങ്ങളിലൊനാണ് ഇതെന്ന് വ്യക്തമാക്കി. ക്ഷയരോഗ നിര്‍മാര്‍ജനത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയും പൊതുജന പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളോട് ‘നി-ക്ഷയ് മിത്ര’ അല്ലെങ്കില്‍ ‘ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സുഹൃത്തുക്കളായി’ മാറാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

”ഇപ്പോള്‍, 2030-ലെ ആഗോള ലക്ഷ്യത്തേക്കാള്‍ വളരെ മുമ്പേ ക്ഷയരോഗ നിര്‍മാര്‍ജനം കൈവരിക്കാനുള്ള പാതയിലാണ് നാം”- പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആരോഗ്യപരിരക്ഷ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതില്‍ ഡിജിറ്റല്‍ പരിഹാരങ്ങളുടെയും നൂതന സംരംഭങ്ങളുടെയും പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അകലെയുള്ള രോഗികള്‍ക്ക് ടെലി മെഡിസിന്‍ വഴി ഗുണനിലവാരമുള്ള പരിചരണം ലഭിക്കുമെന്നതിനാല്‍ ഗവണ്മെന്റിന്റെ ശ്രമങ്ങള്‍ തുല്യവും എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള ഉപയോഗപ്രദമായ മാര്‍ഗവുമാണെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ ടെലി മെഡിസിന്‍ പ്ലാറ്റ്ഫോമായ ഇ-സഞ്ജീവനിയിലൂടെ ഇന്നുവരെ 140 ദശലക്ഷം ടെലി-ഹെല്‍ത്ത് പരിചരണങ്ങള്‍ സുഗമമാക്കിയെന്നും അദ്ദേഹം അറിയിച്ചു .

ഇന്ത്യയുടെ കോവിന്‍ പ്ലാറ്റ്ഫോം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ യജ്ഞത്തിന് വിജയകരമായി സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 2.2 ബില്യണിലധികം വാക്‌സിന്‍ ഡോസുകളുടെ വിതരണവും ആഗോളതലത്തില്‍ പരിശോധിക്കാവുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യതയും ഇത് കൈകാര്യം ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ ഡിജിറ്റല്‍ ആരോഗ്യ സംരംഭങ്ങളെ ഒരു പൊതു പ്ലാറ്റ്ഫോമില്‍ ഒരുമിച്ച് കൊണ്ടുവരാന്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഓണ്‍ ഡിജിറ്റല്‍ ഹെല്‍ത്ത് വഴിയൊരുക്കും.

”നമ്മുടെ നവീന വിദ്യകള്‍ നമുക്ക് പൊതുനന്മയ്ക്കായി തുറന്നു കൊടുക്കാം. ധനചിലവിന്റെ ഇരട്ടിപ്പ് നമുക്ക് ഒഴിവാക്കാം. സാങ്കേതികവിദ്യയുടെ തുല്യമായ ലഭ്യത നമുക്ക് സുഗമമാക്കാം”- പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ സംരംഭം ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ വിടവ് നികത്താന്‍ അനുവദിക്കുമെന്നും ആഗോള ആരോഗ്യ സുരക്ഷ നേടുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാവരും സന്തുഷ്ടരായിരിക്കട്ടെ, എല്ലാവരും രോഗത്തില്‍ നിന്ന് മുക്തരാകട്ടെ’ എന്ന മനുഷ്യരാശിക്ക് വേണ്ടിയുള്ള പുരാതന ഇന്ത്യന്‍ പ്രാര്‍ത്ഥനയോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്. ‘നിങ്ങളുടെ ആലോചനകള്‍ വിജയപ്രദമാകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *