അമിതവേഗത്തില്‍ കാര്‍ ഓടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച മോട്ടോർ വാഹന വകുപ്പ് തൽക്കാലം ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ്. മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും മറുപടി നൽകാത്ത സാഹചര്യത്തിൽ ആയിരുന്നു ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്. എന്നാൽ സിനിമാതാരം എന്ന നിലയിലെ തിരക്കുകൾ പരിഗണിച്ച് കുറച്ചുദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. എറണാകുളം ആർടി ഓഫീസിൽ നിന്നാണ് സുരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള സമയം നൽകിയത്.
അതിനിടെ വാഹനാപകടത്തിൽ പോലീസിന്റെ എഫ്ഐആർ മാത്രം പരിശോധിച്ച ആരുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യരുതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് നിർദ്ദേശം പുറപ്പെടുവിച്ചു. എഫ്ഐആർ വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും നിർദ്ദേശം ലഭിച്ചിരുന്നു.
താരത്തിന് രജിസ്റ്റർ തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റി അതിന്റെ രസീത് ആർടിഒക്ക് മടക്ക് തപാലിൽ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചു കഴിഞ്ഞു എന്നിട്ടും മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ആയിരുന്നു ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ ജൂലൈ 29നാണ് സുരാജ് ഒടിച്ചിരുന്ന കാർ ഇടിച്ച ബൈക്ക് യാത്രകാരൻ പരിക്കേറ്റത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് വലതു കാലിന് പരിക്കേറ്റത്.

 
                                            