അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു പ്രായം. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ഇന്നലെ എറണാകുളം ലിസി ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് പൊതുദർശനം. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങൾ ആദരമർപ്പിക്കാനെത്തും
കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. 1965 ല്‍ പുറത്തിറങ്ങിയ തൊമ്മന്‍റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്‍റെയും മധുവിന്‍റെയും അമ്മയായി. പ്രേം നസീര്‍- സത്യന്‍ കാലത്തുനിന്ന് സോമന്‍- സുകുമാരന്‍ കാലത്തിലൂടെ മോഹന്‍ലാല്‍- മമ്മൂട്ടി കാലത്തില്‍ എത്തിയപ്പോഴും മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലേക്കുള്ള ആദ്യത്തെ ചോയ്സ് കവിയൂര്‍ പൊന്നമ്മ തന്നെ ആയിരുന്നു. അതേസമയം അമ്മ വേഷങ്ങളിലെ ആദ്യ ചോയ്സ് ആയിരുന്നതിനാല്‍ മറ്റ് തരത്തിലുള്ള കഥാപാത്രങ്ങളിലേക്ക് അധികം ക്ഷണിക്കപ്പെട്ടില്ല എന്നത് കവിയൂര്‍ പൊന്നമ്മ നേരിട്ട വെല്ലുവിളി ആയിരുന്നു. എന്നാല്‍ ലഭിച്ചപ്പോഴൊക്കെ ആ വേറിട്ട വേഷങ്ങള്‍ അവര്‍ മികവുറ്റതാക്കിയിട്ടുമുണ്ട്.
നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി.
അതേസമയം ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രത്തിന്‍റെ മകനായി സ്ക്രീനില്‍ എത്തിയ മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ നേര്‍ന്നു. ക്യാമറയ്ക്ക് പുറത്തും തനിക്ക് അമ്മയെപ്പോലെയായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് മോഹന്‍ലാല്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ലെന്നത് സങ്കടകരമായ കാര്യമാണെന്ന് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് മുകേഷും കുറിച്ചു.

 
                                            