കഴിഞ്ഞ ഓണത്തിന് വേണ്ടാത്ത ഗവർണർ ഇപ്പോൾ വിഐപി

കഴിഞ്ഞവര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഗവര്‍ണര്‍ ഓണം ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു.എന്നാല്‍ സര്‍ക്കാരുമായി ഏറെക്കാലമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതെല്ലാം അവസാനിപ്പിച്ച് സര്‍ക്കാരുമായി ചേര്‍ന്നുപോവുമെന്ന സൂചനകളാണ് രാജ്ഭവനില്‍ നിന്ന് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഗവര്‍ണറെ ഓണാഘോഷത്തിന് ക്ഷണിക്കാതിരുന്ന സര്‍ക്കാര്‍ ഇത്തവണ മന്ത്രിമാരായ വി.ശിവന്‍കുട്ടിയെയും മുഹമ്മദ് റിയാസിനെയും ഗവര്‍ണര്‍ക്ക് ഓണക്കോടിയുമായി രാജ്ഭവനില്‍ അയച്ച് അദ്ദേഹത്തെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുന്നു.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയാണ് ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ നേരത്തേ ആലോചിച്ചിരുന്നത്. എന്നാല്‍ ഇത് വേണ്ടെന്നുവച്ചാണ് ഗവര്‍ണറെയും പത്‌നിയെയും മുഖ്യാതിഥികളാക്കുന്നത്.

സെപ്തംബര്‍ രണ്ടിന് ഓണം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യാനെത്തണമെന്ന് മന്ത്രിമാര്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. എത്താമെന്ന് ഗവര്‍ണര്‍ സമ്മതിച്ചു. മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് മുണ്ടും ജൂബ്ബയും നേര്യതും ഓണക്കോടിയും സമ്മാനിച്ചു. ചുവന്ന പെട്ടിയിലാക്കിയായിരുന്നു ഓണസമ്മാനം. കഴിഞ്ഞ വര്‍ഷമൊഴിച്ച് എല്ലാ വര്‍ഷവും ഓണം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നത് അതത് കാലത്തെ ഗവര്‍ണര്‍മാരായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലെ പോര് മൂര്‍ച്ഛിച്ചു നിന്ന കഴിഞ്ഞ വര്‍ഷം ഓണാഘോഷ പരിപാടിയിലേക്ക് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ഇത് വിവാദവുമായി. ഈ പശ്ചാത്തലത്തില്‍ ഇത്തവണയും ക്ഷണിക്കുമോയെന്നതില്‍ കഴിഞ്ഞ ദിവസം വരെ ആകാംക്ഷയുണ്ടായിരുന്നു.

കഴിഞ്ഞ മേയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനൊപ്പം പ്രാതല്‍ കഴിക്കാനെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി നേരിട്ട് ക്ഷണിച്ചിട്ടും ഗവര്‍ണര്‍ പോയിരുന്നില്ല. പ്രാതലിനുള്ള ക്ഷണം സ്വീകരിച്ചെന്നും എത്താമെന്നും ഗവര്‍ണര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ക്ലിഫ് ഹൗസിലേക്ക് പോയിരുന്നില്ല. ഇപ്പോള്‍ മന്ത്രിമാര്‍ നേരിട്ടെത്തി ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ചതിനാല്‍ ഗവര്‍ണര്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഈ മാസം 26ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്ബി ഹാളില്‍ മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്കായി ഓണസദ്യ ഒരുക്കുന്നുണ്ട്. ഇതിലേക്ക് ഗവര്‍ണറെ ക്ഷണിച്ചതായി സൂചനയില്ല. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ക്കായാണ് ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി ഓണസദ്യയൊരുക്കുക. മുഖ്യമന്ത്രിമാര്‍ നടത്തുന്ന ഇഫ്താര്‍ സംഗമം പോലുള്ള വിരുന്നുകളില്‍ ഗവര്‍ണര്‍മാര്‍ പങ്കെടുക്കാത്തതിനാല്‍ ഓണസദ്യക്ക് അദ്ദേഹത്തെ ക്ഷണിച്ചില്ലെങ്കിലും അതിലൊരു കീഴ്‌വഴക്ക ലംഘനം ചൂണ്ടിക്കാട്ടാനാവില്ല. മാത്രമല്ല, ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഓണസദ്യയൊരുക്കുന്നതും. ഇതുവരെ ഇതിലേക്ക് ഗവര്‍ണറെ ക്ഷണിച്ചതായി സൂചനയില്ല. എന്നാല്‍ ഓണസദ്യ നടത്തുന്ന കാര്യം രാജ്ഭവനെ രേഖാമൂലം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 26ന് ഗവര്‍ണര്‍ക്ക് തൃക്കാക്കര മണ്ഡലത്തിലെ ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ തിരുവനന്തപുരത്തുണ്ടാവില്ല.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈത്തറിയില്‍ നെയ്‌തെടുക്കുന്ന കുര്‍ത്തയാണ് ഔദ്യോ?ഗികമായി കേരളം നല്‍കുന്ന ഓണക്കോടി. കണ്ണൂരിലെ ലോകനാഥ് സഹകരണ നെയ്ത്തു സംഘം ആണ് വസ്ത്രത്തിനായുള്ള തുണി തയ്യാറാക്കുന്നത്.സംഘത്തിലെ കെ. ബിന്ദു എന്ന നെയ്ത്ത് തൊഴിലാളിയാണ് കുര്‍ത്തയ്ക്കുള്ള തുണി നെയ്‌തെടുക്കുന്നത്. ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ചേരുന്ന കുത്തനെ വരയോട് കൂടിയതാണ് കുര്‍ത്ത.

Leave a Reply

Your email address will not be published. Required fields are marked *