‘ആ കുട്ടി രാഷ്ട്രീയക്കാരിയല്ല കലാകാരിയാണ് സൈബർ ആക്രമണം നേരിടാനുള്ള മാനസിക ശക്തി ഉണ്ടാവില്ല’; നിമിഷ സജയന് പിന്തുണയുമായി മേജര്‍ രവി

കുറച്ച് ദിവസങ്ങളായി നടി നിമിഷ സജയനെതിരെ നടത്തുന്ന വ്യക്തിഹത്യ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കികൊണ്ട് നടനും സംവിധായകനുമായ മേജർ രവി രം​ഗത്തെതി. ഒരു വേദി കിട്ടിയപ്പോൾ കയ്യടി കിട്ടാൻ വേണ്ടി സുരേഷ് ഗോപി എന്നോ പറഞ്ഞ ഒരു കാര്യം നിമിഷ പറഞ്ഞതാണെന്നും അതിൽ വ്യക്തിവൈരാഗ്യം ഉണ്ടെന്നു കരുതുന്നില്ലെന്നും മേജർ രവി പറയുന്നു. ‌ഇത്തരത്തിലുള്ള വ്യക്തിവിരോധം ഒന്നും ഇഷ്ടപ്പെടുന്ന ആളല്ല സുരേഷ്ഗോപിയെന്നും അദ്ദേഹം സാത്വികനായ വ്യക്തിയാണെന്നും മേജർ രവി കൂട്ടിച്ചേർത്തു.

ഫേയ്സ്‌ബുക് പേജിൽ പങ്കുവച്ച ലൈവ് വിഡിയോയിലൂടെയാണ് നിമിഷയ്ക്കെതിരെയുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് മേജർ രവി ആവശ്യപ്പെട്ടത്. വളരെ സങ്കടകരമായ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടി നിമിഷ സജയനെ മാനസികമായി വിഷമിപ്പിക്കുന്ന ഒരുപാട് കമന്റുകൾ കണ്ടു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല കലാകാരിയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള സൈബർ ആക്രമണം നേരിടാനുള്ള മാനസികമായ ശക്തി ആ കുട്ടിക്ക് ഉണ്ടോ എന്ന് അറിയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം നിമിഷ പറഞ്ഞത് അന്ന് കേട്ടപ്പോൾ വിഷമമുണ്ടായിരുന്നുവെന്നും പക്ഷെ അതിന്റെ പേരിൽ അവരെ മാനസികമായി വിഷമിപ്പിക്കുന്നതിനോ ട്രോള് ചെയ്യുന്നതിലോ എനിക്ക് യാതൊരു സന്തോഷവുമില്ല എന്നാണ് വളരെ പക്വതയോടെ ഗോകുൽ സുരേഷ് പറഞ്ഞത്. നാലു വർഷങ്ങൾക്ക് മുമ്പ് തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട് നിമിഷ നടത്തിയ പ്രസ്താവനയാണ് സൈബർ ആക്രമണത്തിന് കാരണം. ‘തൃശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തിട്ടില്ല പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുമോ’ എന്നാണ് ഒരു പൊതുപരിപാടിയിൽ നിമിഷ സജയൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *