ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി പത്തു വയസ്സുകാരി; ഹർജി തള്ളി ഹൈക്കോടതി

പത്ത് വയസ്സുകാരിക്ക് ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിശാല ബെഞ്ചിന്‍റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്. പത്ത് വയസ്സിന് മുൻപ് കൊവിഡ് കാലത്ത് ശബമലയിലെത്താൻ ആഗ്രഹിച്ചതാണെന്നും അച്ഛന്‍റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ലെന്നും പെൺകുട്ടി ഹര്‍ജിയിൽ പറഞ്ഞു.

ഇത്തവണ തന്നെ മലകയറാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വത്തോട് കോടതി നിർദ്ദേശം നൽകണമെന്നാണ് പെൺകുട്ടിയുടെ ആവശ്യപ്പെട്ടത്. ഇപ്പോൾ പത്ത് വയസ്സാണ് പ്രായമെന്നും ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ മലകയറാൻ അനുവദിക്കണം എന്നായിരുന്നു കർണാടക സ്വദേശിയായ പെൺകുട്ടിയുടെ ആവശ്യം. എന്നാൽ തിരുവിതാംകൂര്‍ ദേവസ്വം ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. ഇതോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.

ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമെന്നും പെൺകുട്ടി കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ 10 മുതൽ 50 വയസ്സ് വരെ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം നിലപാടിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *