മരങ്ങൾ മുറിക്കാൻ കഴിയാത്ത കാവ്

നഗരത്തിനു നടുക്ക് പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറി നില്‍ക്കുന്ന ഒരു ക്ഷേത്രം. ജൈവവൈവിധ്യത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തപ്പെടുന്ന പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോള്‍ കാവിന്റെ വിശേഷങ്ങളും പ്രത്യേകതകളും പറഞ്ഞാല്‍ തീരുന്നതല്ല. വള്ളികളും മരങ്ങളും പടർന്ന് പന്തലിച്ച കിടക്കുന്ന കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നായ ഇരിങ്ങോള്‍ കാവിന്റെ വിശേഷങ്ങള്‍.

പ്രാദേശികമായ വിശ്വാസങ്ങളും ഹിന്ദു ഐതിഹ്യങ്ങളും അനുസരിച്ച പരശുരാമന്‍ സ്ഥാപിച്ച കാവാണ് ഇരിങ്ങോള്‍ എന്നാണ് വിശ്വാസം. പരശുരാമന്റെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നുകൂടിയാണിത്. ഇരിങ്ങോള്‍ കാവിന്റെ പഴക്കം കണക്കാക്കുകയാണെങ്കില്‍ ആരെയും അമ്പരപ്പിക്കുന്ന പഴക്കം ഇതിനുണ്ട്. പണ്ടുകാലത്തെ മാത്രമല്ല, ഇപ്പോഴത്തെ ജനങ്ങളും പുണ്യസ്ഥലമായി കണക്കാക്കുന്ന ഇരിങ്ങോള്‍ കാവിന് 2746 വര്‍ഷത്തിലധികം പഴക്കമുമുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഇരിങ്ങോളിന്റെ ഐതിഹ്യം കംസനുമായി ബന്ധപ്പെട്ടതാണ്. വസുദേവരുടെയും ദേവകിയുടെയും പുത്രന്‍ തന്റെ വധക്കുമെന്ന് കംസന് അരുളിപ്പാടുണ്ടായത്രെ. തുടര്‍ന്ന കംസന്‍ അവരെ കാരാഗ്രഹത്തിലടക്കുകയും അരുളിപ്പാടിന് വിരുദ്ധമായി അവര്‍ക്ക് ഒരു പുത്രി ജനിക്കുകയും ചെയ്തു. പുത്രനു പകരം പുത്രി വന്നിട്ടും കംസന്‍ ആ കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചുവത്രെ. ശ്രമത്തിനിടയില്‍ കുട്ടി വവുതിമാറി ആകാശത്തേക്ക് ഉയര്‍ന്ന് നക്ഷത്രം പോലെ തിളങ്ങിയത്രെ. പിന്നീട് ആ വെളിച്ചം വീണ സ്ഥലത്ത് ഭഗവതി വസിച്ചു എന്നാണ് വിശ്വാസം.തൃണബിന്ദു മഹര്‍ഷി എന്ന പ്രഗത്ഭനായ മഹര്‍ഷി കുടില്‍കെട്ടി താമസിച്ചിരുന്നയിടം എന്ന പ്രത്യേകതയും ഈ സ്ഥലത്തിനുണ്ട്.

മരം വരമാണെന്നും മരം നശിപ്പിച്ചാല്‍ പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമല്ലന്നും കരുതുന്ന നാട്ടുകാരും കുടുംബക്കാരുമാണ് ഇരിങ്ങോള്‍ കാവിന്റെ നന്‍മ.കാവിലെ മരങ്ങളില്‍ ദൈവാംശം ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇവിടുത്തെ മരങ്ങള്‍ മുറിക്കുകയോ നിലത്തു കിടക്കുന്ന മരങ്ങള്‍ എടുക്കുകയോ ചെയ്യാറില്ല.

ഏകദേശം 50 ഏക്കറോളം സ്ഥലത്തായാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. ഇവിടെ അപൂര്‍വ്വങ്ങളായ വൃക്ഷങ്ങളും വള്ളികളും പക്ഷികളും ഉണ്ട്. കൂടാതെ ഉരഗങ്ങളും പ്രാണികളും ഉഭയജീവികളും ഇവിടെയുണ്ട്.

വിവാഹം, കെട്ടുനിറ, രാമായണ പാരായണം തുടങ്ങിയ ചടങ്ങുകള്‍ ഇരിങ്ങോള്‍ കാവില്‍ നടത്താറില്ല. മാത്രമല്ല, സുഗന്ധ പുഷ്പങ്ങള്‍ ചൂടിയിരിക്കുന്ന സ്ത്രീകളെ ഇവിടെ പ്രവേശിപ്പിക്കാന്‍ അനുവദിക്കാറുമില്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മൂന്ന ഭാവങ്ങളിലാണ് ദേവി കാണപ്പെടുന്നത്. സരസ്വതി, വനദുര്‍ഗ്ഗ, ഭദ്രകാളി എന്നിവയാണ് ഭാവങ്ങള്‍.

കുടുംബവുമായി എത്തുന്നവര്‍ക്ക് സമയം ചെലവഴിക്കാന്‍ മ്യൂസിയവും കുട്ടികള്‍ക്കായി പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളില്‍പെട്ടവയാണ് പലതും. വേരുകളുടെ വലതീര്‍ക്കുന്ന ജലസംഭരണിയാണ് കാവിനെ എന്നും ഹരിതാഭമായി നിര്‍ത്തുന്നത്. ചിലയിടത്ത് ചെറിയ ചതുപ്പുകള്‍പോലുള്ള ജലസംഭരണി കാണാം. തീര്‍ഥക്കുളത്തിലും ഏതു കടുത്ത വേനലിലും വെള്ളമുണ്ടാവും. ജാതിമതഭേദമന്യേ ഏതു വിശ്വാസിക്കും ശുദ്ധിയോടെ അമ്പലത്തില്‍ വരാം എന്നതാണ് മറ്റൊരു പ്രത്യേകത.

ആലുവാ-മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിലാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരില്‍ നിന്നും 4 കിലോമീറ്റാണ് കാവിലേക്കുള്ള ദൂരം. കുന്നത്തുനാട് താലൂക്കിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *