കുട്ടികളുടെ തന്തയ്ക്ക് വിളിച്ചല്ലോ; കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിക്കില്ല : വി.ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന പരിസരത്ത് സുരേഷ് ​ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിയ്ക്കുമെന്ന് ഭയമുണ്ട്. എന്തും വിളിച്ചുപറയുന്നയാളാണ് സുരേഷ് ​ഗോപി. ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന പ്രയോ​ഗത്തിൽ മാപ്പുപറഞ്ഞാൽ സുരേഷ്​ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിക്ക് എവിടെ വേണമെങ്കിലും പോകാനുള്ള അധികാരവും അവകാശവുമുണ്ട്. പക്ഷേ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യകേരള രൂപീകരണത്തിനുശേഷം ഒരുപാട് സംഭവവികാസങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പക്ഷേ ഒറ്റ തന്തയ്ക്ക് പിറന്നവരെന്ന് വിളിക്കുന്നത് ഇതാദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. അത് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. നോട്ടീസെല്ലാം പ്രിന്റ് ചെയ്തുകഴിഞ്ഞു. ഞങ്ങളെ ഒന്ന് സഹായിച്ചിട്ടുമില്ലല്ലോ. ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന ആദ്യത്തെ കായിക മേളയാണിത്. മുക്കിലും മൂലയിലും ചെന്ന് സഹായം വാ​ഗ്ദാനം ചെയ്യുന്ന അദ്ദേഹം ഒരു സഹായവും ഇവിടെ ചെയ്യുകയോ പ്രഖ്യാപിക്കുകയോ എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉറച്ച നിലപാടിൽ തന്നെയാണ് അദ്ദേഹം. രാഷ്ട്രീയ ഗുണ്ടകൾ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? ആക്രമിച്ച വിവരം ജനങ്ങളോട് പറയാതെ മറച്ചുവെച്ചത് അത് നുണയായതിനാലാണ്. സിസിടിവി അടക്കം പരിശോധിച്ച് അന്വേഷണം നടത്തണമെന്നും വി.എസ്. സുനിൽകുമാർ പറഞ്ഞു.

കാരണം ആദ്യം അംബുലൻസിൽ സഞ്ചരിച്ചിട്ടില്ലെന്ന് പച്ചക്കള്ളം പറഞ്ഞു. അതു തിരുത്തി. പിന്നെ അദ്ദേഹം ഉന്നയിച്ചത് ഗുണ്ടകൾ ആക്രമിച്ചു എന്നാണ്. ആംബുലൻസിലേക്ക് വരുന്നതിന് മുമ്പ് മറ്റു പാർട്ടിയിൽപെട്ട ഗുണ്ടകൾ തന്റെ വാഹനത്തെ ആക്രമിച്ചുവെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാർ തന്നെ സംരക്ഷിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷിക്കണം എന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *