സംസ്ഥാന സർക്കാർ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കും

സംസ്ഥാന സർക്കാർ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തീയറ്ററുകളിൽ കൂടി പ്രദർശിപ്പിക്കാനാണ് സർക്കാറിന്റെ ലക്ഷ്യം. അതിനായി 18 ലക്ഷം രൂപയാണ് അനുവദിച്ചത്. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ, മധ്യപ്രദേശ്, ദില്ലി എന്നിവടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സർക്കാറിന്‍റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വീഡിയോ തയ്യാറാക്കാൻ ഏജൻസികളെ കണ്ടെത്തും. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം. 18,19,843 രൂപയാണ് ഇതിനായി കഴിഞ്ഞ ദിവസം അനുവദിച്ചത്.

നവകേരള സദസ്സിന്‍റ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ 2കോടി 46 ലക്ഷം രൂപയും കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 കോടിക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആര്ടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആണ് ചെലവ്.

അന്തർസംസ്ഥാന പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി നടപ്പു സാമ്പത്തിക വർഷത്തിൽ 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽനിന്നാണ് തിയറ്റർ പരസ്യങ്ങൾക്കായി മാത്രം 18 ലക്ഷം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സവിശേഷമായ നേട്ടങ്ങൾ, വികസന-ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതാകും പരസ്യചിത്രം. തിയറ്ററുകളിൽ സിനിമാ പ്രദർശനം നടത്തുന്ന ക്യൂബ്, യു.എഫ്.ഒ ഏജൻസികൾ വഴിയായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞുകൊണ്ടുള്ള പരസ്യം നിലവിൽ സംസ്ഥാനത്തെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിപക്ഷം വലിയ രീതിയിൽ ഉയർത്തുന്നതിനിടെയാണ് സർക്കാർ ഭരണനേട്ടം വിശദീകരിക്കുന്ന പരസ്യം മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് തുക അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *