പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകള്‍

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു. ’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.

ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്. 264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്. അതേസമയം തൃശൂർ പൂരം കലക്കലിൽ ഉൾപ്പടെ അന്വേഷണം നേരിടുന്നതിനാൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ADGP എം.ആർ അജിത് കുമാറിന് മെഡൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നൽകുന്നത് തൽക്കാലത്തേക്ക് തടഞ്ഞുവച്ചിരിക്കുകയാണ്.

അതിനിടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സംവിധാനത്തിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായ ഘട്ടമാണ് കഴിഞ്ഞ എട്ടര വർഷക്കാലത്തെ സർക്കാരിന്റെ ഭരണമെന്നും ഇക്കാലയളവിൽ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് കേരളാ പോലീസിനെ പരിവർത്തിപ്പിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിൻ്റെ സംരക്ഷണം ഉറപ്പാക്കാൻ പോലീസിനെ ഫലപ്രദമായി ഉപയോഗിച്ചു. വർഗീയ സംഘർഷങ്ങൾ ഒന്നുംതന്നെ കഴിഞ്ഞ എട്ടര വർഷത്തിനിടയിൽ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ആർക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്നപരിഹാരത്തിനായി നിർഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മാറി എന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *