പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. പത്തനംതിട്ടയിൽ ബ്യൂഗിളർ അതായത് ബ്യൂഗിൾ വായിക്കുന്നവരുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അന്തരിച്ച കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാനാണ് ഗവർണർ ഇന്നലെ പത്തനംതിട്ടയിൽ എത്തിയത്. പത്തനംതിട്ട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലായിരുന്നു വിശ്രമത്തിന് സൗകര്യം ഒരുക്കിയത്. ഗവര്‍ണര്‍ ഇവിടെ എത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇതില്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ബ്യൂഗിള്‍ ഇല്ലായിരുന്നു. ഇതേ തുടർന്ന് ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഗാര്‍ഡ് ഓഫ് ഓണര്‍ ഡ്യൂട്ടിയുടെ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
അതേസമയം നവീന്‍ ബാബുവിനെ കണ്ണൂരിലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ഗവര്‍ണര്‍ ആശ്വാസ വാക്കുകളുമായി മലായലപ്പുഴയിലെ വീട്ടിലെത്തിയത്. അരമണിക്കൂറോളം സമയം ഗവര്‍ണര്‍ നവീന്‍ ബാബുവിന്റെ വീട്ടില്‍ ചിലവഴിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ കുടുംബാംഗങ്ങളോട് അദ്ദേഹം ചോദിച്ചറിഞ്ഞു. കേസില്‍ കക്ഷി ചേരാനിടയായ സാഹചര്യവും വിവരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അറിയിക്കണമെന്നും അദ്ദേഹം നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളോട് പറഞ്ഞു. സന്ദര്‍ശന ശേഷം പുറത്തിറങ്ങിയ ഗവര്‍ണര്‍ മാധ്യമങ്ങളോട് കാര്യമായി പ്രതികരിച്ചില്ല. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും അവര്‍ക്ക് കൂടുതല്‍ പരാതികളുണ്ടെങ്കില്‍ ഇടപെടുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്.
