‘പ്രധാനമന്ത്രിയാകുമോ’ എന്ന ചോദ്യത്തിന് മറുപടിയുമായി ശശി തരൂർ

ചേലക്കര സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ച ‘മീറ്റ് തരൂർ’ പരിപാടിയിൽ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അംഷാന ശശി തരൂരിനോട് പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. താൻ പ്രധാനമന്ത്രിയാകുമോ എന്നു ചോദിച്ചാൽ അതിന് തനിക്കു മറുപടിയില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. രാജ്യം നന്നാകട്ടെ എന്നുമായിരുന്നു മറുപടി. വിദ്യാർഥികളും വിവിധ തൊഴിൽ മേഖലകളിൽപെട്ടവരും തരൂരുമായി സംവദിച്ചു. രാഷ്ട്രീയത്തിൽ തന്റെ സഹപാഠികൾക്കു താൽപര്യമില്ലെന്ന് പറഞ്ഞ വിദ്യാർഥിയോട്, രാഷ്ട്രീയത്തിന് അവരിൽ താൽപര്യമുണ്ട് എന്നു പറയാനായിരുന്നു തരൂരിന്റെ നിർദേശം.

അവരുടെ ഭാവി നിർണയിക്കുന്നത് രാഷ്ട്രീയക്കാർ എടുക്കുന്ന തീരുമാനങ്ങളാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അവർ എന്തു തൊഴിൽ ചെയ്യണമെന്ന്, എത്ര നികുതി അടയ്ക്കണമെന്ന് ഒക്കെ നിർണയിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇക്കാര്യം അവർ തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് അവർ രാഷ്ട്രീയത്തിൽ താൽപര്യമില്ല എന്നു പറയുന്നത്. കഴിവുള്ളവർ അധികാരത്തിൽ വരണമെങ്കിൽ ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതുണ്ട്.– തരൂർ പറഞ്ഞു.

സങ്കുചിത രാഷ്ട്രീയ താൽപര്യം വച്ചു പുലർത്തിയാൽ നാടു നന്നാകില്ലെന്നും യുവാക്കൾ നാടു വിട്ടുപോകാതിരിക്കാൻ ഇവിടെ നല്ല പദ്ധതികൾ വരേണ്ടതുണ്ടെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കുട്ടികൾ വിദേശത്തേക്കു പോകുന്നത് തെറ്റായി കാണേണ്ടതില്ല. അവർ തിരികെ വരാതിരിക്കുന്നതാണ് രാജ്യത്തിന്റെ നഷ്ടം. കുട്ടികൾ പഠിച്ചതിന്റെ ഗുണം നാടിനു കിട്ടണം. അതിനുള്ള തൊഴിൽ അവസരങ്ങൾ ഇവിടെ ഉണ്ടാകണം. സർക്കാർ അതനുസരിച്ച് നയത്തിൽ മാറ്റം വരുത്തണം.

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് പാർലമെന്റ് സംവിധാനത്തിന്റെ അന്തസ്സത്ത മനസ്സിലാക്കാതെയാണ്. സഖ്യം തകരുമ്പോൾ സർക്കാർ വീണാൽ അവിടെ വേറെ തിരഞ്ഞെടുപ്പു നടത്തേണ്ടി വരില്ലേ? ഇടയ്ക്കിടെ തിരഞ്ഞെടുപ്പു വരുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നു പറയുന്നതിൽ കാര്യമില്ല. ഭരിക്കാനാണ് ജനം ഏൽപിച്ചതെങ്കിൽ നിങ്ങൾ ഭരിക്കുക. എന്തിനാണ് തിരഞ്ഞെടുപ്പിൽ ഇടപെടുന്നതെന്നും അതു നടത്താൻ കമ്മിഷൻ ഉണ്ടല്ലോ എന്നുമാണ് ശശി തരൂർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *