ഹേമ കമ്മിറ്റിക്ക് പിന്നലെ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ് വ്യകതമാക്കി. കാരണം നിലവിലെ കമ്മറ്റി ചില പ്രത്യേക താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും സാന്ദ്ര തോമസും നടി ഷീലു കുര്യനും ചൂണ്ടികാണിച്ചിട്ടുണ്ട്. അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും ചിലരുടെ ഇംഗിതങ്ങള്‍ സംരംക്ഷിക്കുന്നുവെന്നും സാന്ദ്ര ആരോപിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന പാലിച്ചത് വലിയ മൗനമെന്നും എന്നാല്‍ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പത്രക്കുറിപ്പ് ഇറക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അമ്മ സംഘടനയുടെ ഉപസംഘടനയാണോ എന്നും ചോദ്യവും സാന്ദ്ര തോമസ് ഉന്നയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നടത്തിയ യോഗം പ്രഹസനം ആയിരുന്നെന്നും പറഞ്ഞു. ഇവയെല്ലാം ചൂണ്ടികാണിച്ച് ഇവര്‍ സംഘടനയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും അത് തുറന്നു പറയുന്നവര്‍ സിനിമയില്‍ പിന്നീട് ഇല്ലതാവുമെന്നും സംഘടനയില്‍നിന്ന് നടപടി സ്വീകരിച്ചാലും താനിത് തുറന്നു പറയുമെന്ന് സാന്ദ്ര കൂട്ടിച്ചേർത്തു. അസോസിയേഷന് എതിരായി സംസാരിക്കുന്നത് എല്ലാവര്‍ക്കും പേടിയുള്ള കാര്യമാണെന്നും അതിലേക്ക് വിരല്‍ചൂണ്ടുന്നത് ഭയപ്പെടുത്തുന്ന കാര്യം കൂടിയാണെന്നും സാന്ദ്ര ട്വന്റിഫോറിനോട് പറഞ്ഞു. 15 വര്‍ഷമായി സംഘടനയിലുള്ളയാളാണ് താനെന്നും അസോസിയേഷന്റേതായ ഒരുപരിപാടിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാവാറില്ലെന്നും സാന്ദ്ര പറഞ്ഞു.
സംഘടന ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പോരെന്നും കടുത്ത വിവേചനമാണ് സ്ത്രീകള്‍ നേരിടുന്നതെന്നും സാന്ദ്ര പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയാണ് കത്ത് നല്‍കിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. തന്റെ കുട്ടികള്‍ക്കുള്‍പ്പടെ ഈ മേഖലയിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും അതുകൊണ്ട് ഒരു അമ്മയെന്ന രീതിയില്‍ കൂടിയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും സാന്ദ്ര പറഞ്ഞു.

 
                                            