തനിക്കെതിരെ നടത്തുന്ന ബി.ജെ.പി വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ് ഷാഫി പറമ്പിലിന്റെ മുഖം തുടച്ചു കൊടുക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. വിഡിയോക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കോൺഗ്രസ് പ്രസ്ഥാനത്തിൽ ചേർന്നത് മുതൽ വി കെ ശ്രീകണ്ഠനും ഷാഫിയും വിഷ്ണുവും രാഹുലും അബിനും ജ്യോതി കുമാറും മാത്യുവും പി കെ ഫിറോസും നജീബ് കാന്തപുരവും ഷംസുക്കയും അടക്കം എല്ലാ നേതാക്കളും തന്നോട് കാണിക്കുന്ന അടുപ്പവും സ്നേഹവും കരുതലും വർണ്ണിക്കാൻ ആവുന്നതിലപ്പുറമാണ്.
അത് നിങ്ങൾക്ക് മനസ്സിലാകില്ല എന്ന് മാത്രമേ എനിക്ക് എൻറെ പഴയകാല സഹപ്രവർത്തകരോട് പറയാനുള്ളൂ. ഇടയ്ക്കൊക്കെ വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ച് മനുഷ്യനെപ്പോലെ ഒന്നു പുറത്തിറങ്ങി നോക്കിയാൽ മതി. ഇത്തരം ചില സുന്ദര അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും കൃഷ്ണകുമാര്‍ മറുപടി നല്‍കി. 2000 -ല്‍ സിപിഎം കാലാകാലങ്ങളായി ജയിച്ച വാര്‍ഡില്‍ ഞാന്‍ ജയിക്കുന്നു.
2010 ല്‍ സിപിഎം 30 വര്‍ഷമായി ജയിച്ച വാര്‍ഡില്‍ ജയിക്കുകയും 2015 ല്‍ അന്നത്തെ കോണ്‍ഗ്രസിന്റെ നഗരസഭാ ചെയര്‍മാനെ പരാജയപ്പെടുത്തി വാര്‍ഡ് പിടിക്കുകയും ചെയ്തു. എന്നാല്‍ ആരോപണമുന്നയിച്ച സന്ദീപ് ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും ജയിപ്പിച്ചിട്ടുണ്ടോ? സന്ദീപ് മത്സരിച്ചാൽ കെട്ടിവെച്ചകാശ് പോലും കിട്ടില്ല. ഒരു വാര്‍ഡ് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ സന്ദീപ് ചങ്കൂറ്റം കാണിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. സന്ദീപ് വാര്യര്‍ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോണ്‍ഗ്രസിന്റെ പ്രധാനനേതാക്കള്‍ പറയട്ടെയെന്നും അങ്ങനെ പറഞ്ഞാല്‍ താന്‍ സമ്മതിക്കാമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
